ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന് ഡിസംബർ അഞ്ചിന് തുടക്കം
ദുബായ്: മധ്യപൂർവ ദേശത്തെ ഏറ്റവും വലിയ ഷോപ്പിങ് മഹോത്സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്‍റെ (ഡി.എസ്.എഫ്) 31ാമത് എഡിഷൻ ഡിസംബർ അഞ്ചിന് തുടങ്ങും. ദുബായ് ടൂറിസം വകുപ്പിന്‍റെ ഭാഗമായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്‍റ് (ഡി.എഫ്.ആർ.ഇ) ആണ് ഡിഎസ്എഫിന്‍റെ സംഘാടകർ. 2026 ജനുവരി 11 വരെ നീളുന്ന ഷോപ്പിങ് ഉത്സവത്തിൽ സന്ദർശകരെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.
38 ദിവസം നീളുന്ന പരിപാടിയിൽ 200 ദിർഹത്തിന് ഷോപ്പിങ് നടത്തുന്നവരിൽ നിന്ന് ഓരോ ദിവസവും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിസാൻ കാറും ഒരു ലക്ഷം ദിർഹം ക്യാഷ് പ്രൈസും സമ്മാനമായി നൽകും. അവസാന ദിനം നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നയാൾക്ക് നാല് ലക്ഷം ദിർഹമാണ് സമ്മാനം. എല്ലാ ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പിൽ വിജയിക്കുന്നവർക്ക് 26 ലക്ഷം ദിർഹം വിലവരുന്ന സ്വർണം സമ്മാനമായി നൽകും.
ദുബായിൽ താമസക്കാർക്കും സന്ദർശകർക്കും 100 ദിർഹം വിലയുള്ള റാഫിൾ ടിക്കറ്റുകൾ ഇപ്പോൾ വാങ്ങാം. ട്രാഫിക് ആൻഡ് വെഹിക്ൾ റജിസ്ട്രേഷൻ സെന്‍ററുകൾ, ഇനോക് സ്റ്റേഷനുകൾ, സൂം സ്റ്റോറുകൾ, ഓട്ടോപ്രോ സർവിസ് ഔട്ട് ലെറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ടിക്കറ്റുകൾ ലഭ്യമാണ്.