കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമലംഘനം; വിദേശ ബാങ്കിന്‍റെ ശാഖയ്ക്ക് 5.9 മില്യൺ ദിർഹം പിഴ
representative image
അബുദാബി: കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് യു.എ.ഇയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കിന്‍റെ ശാഖയ്ക്ക് യു.എ.ഇ സെൻട്രൽ ബാങ്ക് 5.9 മില്യൺ ദിർഹം പിഴ ചുമത്തി. യു.എ.ഇയുടെ ചട്ടക്കൂടിനും അനുബന്ധ വ്യവസ്ഥകൾക്കുമനുസൃതമായി മതിയായ നടപടികൾ നടപ്പാക്കുന്നതിൽ ബാങ്ക് പരാജയപ്പെട്ടുവെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
എന്നാൽ, ഈ ബാങ്കിന്‍റെ പേര് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. 2018ലെ ഫെഡറൽ ഡിക്രി നിയമ നമ്പർ (20), ആർട്ടിക്കിൾ 14 പ്രകാരമാണ് നടപടി സ്വീകരിച്ചത്. തീവ്രവാദത്തിനും നിയമ വിരുദ്ധ സംഘടനകൾക്കും ധനസഹായം നൽകുന്നതിനെ ചെറുക്കുന്നത് സംബന്ധിച്ച ഭേദഗതികളും ഇതിൽ ഉൾപ്പെടുന്നു.
മുഴുവൻ ബാങ്കുകളും അവരുടെ ജീവനക്കാരും രാജ്യത്തിന്‍റെ നിയമങ്ങളും നിയന്ത്രണ മാനദണ്ഡങ്ങളും പൂർണമായും പാലിക്കുന്നുണ്ടെന്നുറപ്പാക്കുമെന്ന് യു.എ.ഇ സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കി. സാമ്പത്തിക ഇടപാടുകളിലുടനീളം സുതാര്യതയും സമഗ്രതയും നിലനിർത്താനും യു.എ.ഇയുടെ സാമ്പത്തിക വ്യവസ്ഥയുടെ സ്ഥിരത സംരക്ഷിക്കാനും ഇത് അത്യാവശ്യമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.