അതിർത്തി കടന്നുള്ള അഴിമതി കേസ്: ഇന്‍റർപോൾ മുൻ ഉദ്യോഗസ്ഥൻ യുഎഇയിൽ അറസ്റ്റിൽ
അബുദാബി: അഴിമതി കേസിൽ ഇന്‍റർപോൾ മുൻ ഉദ്യോഗസ്ഥനും മൊൾദോവൻ പൗരനുമായ വിറ്റാലി പിർലോഗിനെ അറസ്റ്റ് ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫ്രഞ്ച് അധികൃതരുടെ അഭ്യർഥന പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്‍റർപോൾ റെഡ് നോട്ടീസിന് വിധേയനായ പിർലോഗിനെ ജൂൺ 15 ന് അറസ്റ്റ് ചെയ്തു.
ഇന്‍റർപോളിന്‍റെ ഫയൽ നിയന്ത്രണ കമ്മീഷന്‍റെ ചെയർമാനായിരുന്ന പിർലോഗിനെതിരെ വ്യാജരേഖ ചമയ്ക്കൽ, കൈക്കൂലി, പ്രേരണ, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തുകയും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
ഇക്കാര്യത്തിൽ യുഎഇ ആഭ്യന്തര മന്ത്രാലയം സ്വീകരിച്ച നടപടികളെ ഫ്രഞ്ച് ഉദ്യോഗസ്ഥർ അംഗീകരിച്ചു, അതിർത്തി കടന്നുള്ള കുറ്റകൃത്യങ്ങൾക്കെതിരെ സംയുക്ത അന്താരാഷ്ട്ര നടപടി അനിവാര്യമാണെന്ന് ഫ്രഞ്ച് സംഘം വ്യക്തമാക്കി.
കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട അന്തർദേശിയ കുറ്റവാളികളെ യു എ ഇ മുൻപും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫെബ്രുവരിയിൽ, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിൽ കുറ്റം ചുമത്തിയ ഫ്രഞ്ച് കുറ്റവാളി മെഹ്ദി ചരഫയെ ഫ്രാൻസിന് കൈമാറിയതായി യുഎഇ അറിയിച്ചു.
ഫിലിപ്പീൻസിൽ 100-ലധികം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിലെ പ്രതിയായ ഫിലിപ്പൈൻസ് സ്വദേശിയെ കഴിഞ്ഞ വർഷം യുഎഇയിൽ അറസ്റ്റ് ചെയ്യുകയും പിന്നീട് നാടുകടത്തുകയും ചെയ്തിരുന്നു.