ദുബായ്: യുഎഇയിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്‍റുകളിലൊന്നായ ഗൾഫ് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഉദ്‌ഘാടന ചടങ്ങിൽ മുൻ ഇന്ത്യൻ ദേശിയ ഫുട്ബോൾ താരം അനസ് എടത്തൊടിക മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് ഗിഫ്റ്റ് 2025 മുഖ്യ സംഘാടകൻ സത്താർ മാമ്പ്ര അറിയിച്ചു. ശനിയാഴ്ച (jan 18) രാത്രി 8 മണിക്കാണ് ഉദ്‌ഘാടന ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ ചീഫ് കോർഡിനേറ്റർ അബ്ദുൾ ലത്തീഫ് ആലൂർ അധ്യക്ഷത വഹിക്കും. സംഘാടക സമിതി അംഗം ബിജു അന്നമനട സ്വാഗതം പറയും.
സൈനുദ്ദിൻ ഹോട് പാക്ക്,ഷംസുദ്ദിൻ നെല്ലറ,ഷാഫി അൽ മുർഷിദി,സലിം മൂപ്പൻ,ഷാനവാസ് പ്രീമിയർ, എന്നിവർ പങ്കെടുക്കും. ഉദ്‌ഘാടന മത്സരത്തിൽ നാസ് എൽ 7 എഫ് സി , കോസ്റ്റൽ ട്രിവാൻഡ്രത്തെ നേരിടും. എസ് എം ഇവന്‍റസിന്‍റെ നേതൃത്വത്തിൽ കെഫയുടെ സഹകരണത്തോടെ ദുബായ് അബു ഹെയ്ൽ അമാന സ്പോർട്സ് ബേയിലാണ് മത്സരങ്ങൾ നടക്കുന്നത്. കാണികൾക്ക് പ്രവേശനം സൗജന്യമാണ്. കെഫ, യൂറോ ലിങ്ക് എന്നിവയുടെ ഇൻസ്റ്റഗ്രാമിലൂടെ നടത്തുന്ന പ്രവചന മത്സരത്തിൽ വിജയിക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യുറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാനുള്ള വിസ സമ്മാനമായി ലഭിക്കും.
കെഫ റാങ്കിങ്ങിൽ മുൻനിരയിലുള്ള നാസ് എൽ 7 എഫ് സി, കോസ്റ്റൽ ട്രിവാൻഡ്രം,അൽ ഐൻ ഫാംസ് എഫ് സി, കെയ്ൻസ് എഫ് സി, അബ്രിക്കോ ഫ്രൈറ്റ് എഫ് സി, സക്‌സസ് പോയിന്‍റ് കോളേജ് എഫ് സി,ബിൻ മൂസ്സ എഫ് സി,മലബാർ ബേക്കറി അജ്‌മാൻ,യുണൈറ്റഡ് എഫ് സി കാലിക്കറ്റ്,അൽ സബ ഹസ്‍ലേഴ്സ് എഫ് സി,വോൾഗ എഫ് സി, ജി ടി സെഡ് ഷിപ്പിംഗ് എഫ് സി എന്നീ ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച വൈകീട്ട് 5 നും 6 നും സെമി ഫൈനലുകൾ നടക്കും. രാത്രി എട്ട് മണിക്കാണ് കലാശപ്പോരാട്ടം. ഫൈനൽ മത്സരത്തിന് മുൻപായി ടീം മട്ടന്നൂർ അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട് അരങ്ങേറും. മെട്രൊ വാർത്തയാണ് 'ഗിഫ്റ്റി'ന്‍റെ ഓൺലൈൻ മീഡിയ പാർട്ട്ണർ.