ഗ്ലോബൽ ഫുഡ് വീക്കിന് അബുദാബിയിൽ തുടക്കമായി: പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രോത്സാഹനവുമായി ലുലു ഗ്രൂപ്പ്
അബുദാബി: ഗ്ലോബൽ ഫുഡ് വീക്കിന് അബുദാബി നാഷണൽ എക്സിബിഷൻ സെന്‍ററിൽ തുടക്കമായി. യുഎഇ വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ നേതൃത്വം നൽകുന്ന ഗ്ലോബൽ ഫുഡ് വീക്കിൽ പുതിയ കാലത്തെ ഭക്ഷണ സംസ്കാരം, ഭക്ഷ്യോത്പാദനം, കാർഷിക സാങ്കേതിക നയങ്ങൾ എന്നിവ ചർച്ചയാകും.
ഇന്ത്യ ഉൾപ്പടെയുള്ള 75 രാജ്യങ്ങളിലെ 2070 പ്രദർശകരാണ് ഇത്തവണ ഗ്ലോബൽ ഫുഡ് വീക്കിൽ പങ്കെടുക്കുന്നത്. വിദഗ്ധർ നയിക്കുന്ന ശില്പശാലകളുമുണ്ട്. പ്രസിഡൻഷ്യൽ കോർട്ട് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്, സൗദി പരിസ്ഥിതി ജലവിഭവ കാർഷിക വകുപ്പ് വൈസ്മിനിസ്റ്റർ എഞ്ചിനീയർ മൻസൂർ ഹിലാൽ അൽ മുഷൈതി, തുടങ്ങിയവർ ആദ്യ ദിനം ഗ്ലോബൽ ഫുഡ് വീക്ക് എക്സിബിഷൻ വേദി സന്ദർശിച്ചു. ഗ്ലോബൽ ഫുഡ് വീക്കിന്‍റെ ആദ്യ ദിവസം സാമൂഹിക പ്രതിബദ്ധതയ്ക്ക് പ്രാധാന്യം നൽകുന്ന നിർണായക കരാറുകളിൽ ലുലു ഗ്രൂപ്പ് ഒപ്പുവെച്ചു.
സായിദ് ഹയർ ഓർഗനൈസേഷൻ ഫാമിൽ നിശ്ചയ ദാർഢ്യക്കാർ കൃഷി ചെയ്ത് ഉത്പാദിപ്പിക്കുന്ന പഴം- പച്ചക്കറികൾ ശേഖരിക്കാനും അവയ്ക്കു മികച്ച വിപണി ലുലു സ്റ്റോറുകളിൽ ഉറപ്പാക്കാനും ലുലു ഗ്രൂപ്പുമായി ധാരണയിലെത്തി. ഇത് സംബന്ധിച്ച ധാരണ പത്രത്തിൽ സായിദ് ഹയർ ഓർഗാനൈസേഷൻ ഡയറക്റ്റർ അബ്ദുല്ല അബ്ദുല്ലാലി അൽ ഹുമൈദാനും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഒപ്പുവച്ചു.
അഫ്ഗാനിസ്ഥാൻ അടക്കമുള്ള മേഖലകളിലെ സ്ത്രീകളുടെ മുന്നേറ്റത്തിനായി ഷെയ്ഖ ഫാത്തിമ ബിൻത് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തുടക്കം കുറിച്ച ഫാത്തിമ ബിൻത് മുഹമ്മദ് ബിൻ സായിദ് ഇനീഷ്യേറ്റീവ് പദ്ധതിയ്ക്ക് പിന്തുണ നൽകുമെന്ന് ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഈ ഉത്പന്നങ്ങൾക്ക് മികച്ച വിപണി ലുലു സ്റ്റോറുകളിൽ ലഭ്യമാക്കും. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, സിഇഒ സെയ്ഫി രൂപാവാല, ചീഫ് ഓപ്പറേറ്റിങ്ങ് ആൻഡ് സ്ട്രാറ്റജി ഓഫീസർ സലിം വി.ഐ എന്നിവരുടെ സാന്നിദ്ധ്യത്തിൽ, ഫാത്തിമ ബിൻത് മുഹമ്മദ് ബിൻ സായിദ് ഇനീഷ്യേറ്റീവ് സിഇഒ മെയ്‌വന്ത് ജബർഖിൽ ലുലു പ്രൈവറ്റ് ലേബൽ ഡയറക്റ്റർ ഷമീം സൈനുലാബ്ദീൻ എന്നിവർ ചേർന്ന് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.
പ്രാദേശിക ഉത്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനുള്ള ധാരണാ പത്രത്തിൽ ബവാബ്ത് ലിവാ ഫുഡ് ഇൻഡസ്ട്രീസ് സിഇഒ ഹുമൈദ് അലി അൽസാബി അൽ തായിബ്, ഡയറക്റ്റർ നൗഷാദ് ടി.കെ എന്നിവർ ഒപ്പുവച്ചു. യുഎഇയിലെ വിവിധ തേൻ ഉത്പന്നങ്ങൾ, ഡേറ്റ്സ് സിറപ്പ്, കോഫി, മീറ്റ് പ്രൊഡക്ട്സ് തുടങ്ങിയവയുടെ പുതിയ ശേഖരവും ഗ്ലോബൽ ഫുഡ് വീക്കിൽ ലുലു അവതരിപ്പിച്ചു. ഈ മാസം 23 ന് ഗ്ലോബൽ ഫുഡ് വീക്ക് സമാപിക്കും.