'ഗ്ലോബൽ ജസ്റ്റിസ്, ലവ് & പീസ്' ആഗോള ഉച്ചകോടിക്ക് ദുബായിൽ തുടക്കം
ദുബായ്: ലോകത്തിലെ ഏറ്റവും വലിയ സമാധാന ഉച്ചകോടിയായ 'ഗ്ലോബൽ ജസ്റ്റിസ്, ലവ് & പീസ് സമ്മിറ്റ്' ദുബായ് എക്സ്പോ സിറ്റിയിൽ ആരംഭിച്ചു. 12 സമാധാന നോബൽ സമ്മാന ജേതാക്കൾ, രാജകുടുംബങ്ങൾ, രാഷ്ട്രത്തലവന്മാർ, ചീഫ് ജസ്റ്റിസുമാർ, ബിസിനസ് പ്രമുഖർ , മത-ആത്മീയ ആചാര്യന്മാർ, സ്പോർട്സ് താരങ്ങൾ , സിനിമാ താരങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ലോകത്ത് നീതി, സ്നേഹം, സമാധാനം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ദ്വിദിന ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച 'വൺ പ്ലാനെറ്റ്, വൺ വോയ്‌സ്: ഗ്ലോബൽ ജസ്റ്റിസ്, ലവ് ആൻഡ് പീസ്' എന്ന വിഷയത്തിൽ ഒരുക്കുന്ന ചർച്ചയിലാണ് 12 നോബൽ സമാധാന സമ്മാന ജേതാക്കൾ ഒരേ വേദിയിൽ എത്തുന്നത്.
ശനിയാഴ്ച രാവിലത്തെ സെഷനിൽ പോളണ്ടിന്‍റെ മുൻ പ്രസിഡന്‍റും സമാധാന സമ്മാന ജേതാവുമായ ലെക് വലേസ ഉച്ചകോടിയെ സംബോധന ചെയ്തു. സമാധാനം, നീതി, മാനുഷിക മൂല്യങ്ങൾ എന്നിവ അടിസ്ഥാനമായ ഒരു പുതിയ ലോക ക്രമത്തിന്‍റെ ആവശ്യകതയുണ്ടെന്ന് വലേസ പറഞ്ഞു. സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ, സാർവത്രികമായി അംഗീകരിക്കപ്പെട്ട മൂല്യങ്ങൾ എന്നിവ സമന്വയിപ്പിക്കുന്ന ഒരാഗോള ചട്ടക്കൂട് കെട്ടിപ്പടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ''നമ്മൾ ചർച്ചകളുടെ യുഗത്തിലാണ്. വെല്ലുവിളികൾ നേരിടുമ്പോൾ തന്നെ, അസ്വസ്ഥതകൾ നമ്മെ മെച്ചപ്പെട്ട വഴികൾ തേടാൻ സഹായിക്കുന്നു. തുറന്ന സംഭാഷണത്തിലൂടെയാണ് നമുക്ക് പൊതുവായ ഒരു നിലപാട് കണ്ടെത്താൻ കഴിയുക'' -വലേസ വ്യക്തമാക്കി. യു.എ.ഇയിലെ സഹിഷ്ണുതാ-സഹവർത്തിത്വ കാര്യ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ രണ്ടാം ദിവസത്തെ പരിപാടിയുടെ രക്ഷാധികാരിയും മുഖ്യാതിഥിയുമാണ്.
യു.എ.ഇയിലെ പ്രമുഖ പാർലമെന്‍റേറിയനും വിദ്യാഭ്യാസ വിദഗ്ധനും കൗൺസിലിലെ പ്രതിരോധ, ആഭ്യന്തര, വിദേശ കാര്യ കമ്മിറ്റി ചെയർമാനുമായ ഡോ. അലി റാഷിദ് അൽ നുഐമിയാണ് ഉച്ചകോടി ഉദ്ഘാടനം ചെയ്തത്. മത്സരവും അക്രമവും ആധിപത്യം പുലർത്തുന്ന വർത്തമാന ലോകത്ത് നോബൽ സമ്മാന ജേതാക്കൾ, രാഷ്ട്രത്തലവന്മാർ, ബിസിനസ് പ്രമുഖർ, മത-ആത്മീയ നേതാക്കൾ, ബുദ്ധിജീവികൾ എന്നിവരെ ഒരു വേദിയിൽ കൊണ്ടുവരാൻ സാധിക്കുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ഉച്ചകോടിയുടെ സംഘാടകരായ 'അയാം പീസ് കീപ്പർ മൂവ്മെന്‍റ്' എന്ന പ്രസ്ഥാനത്തിന്‍റെ ചെയർമാനായ ഡോ. ഹുസൈഫ ഖൊറാക്കിവാല പറഞ്ഞു. സുസ്ഥിര സമാധാനം ഉറപ്പാക്കുന്നതിന് സാമൂഹിക നീതിയും സുസ്ഥിര സാമ്പത്തിക വികസനവും ഉറപ്പാക്കാനും; ദാരിദ്ര്യം, തൊഴിലില്ലായ്മ, വിഭവ വിതരണത്തിലെ അസമത്വം എന്നിവ പരിഹരിക്കാനും ലോക നേതാക്കളോട് അഭിഭാഷകനും തുനീഷ്യൻ മനുഷ്യാവകാശ പ്രവർത്തകനും 2015ലെ സമാധാന നോബൽ സമ്മാന ജേതാവുമായ അബ്ദിൽ സത്താർ ബിൻ മൂസ ആഹ്വാനം ചെയ്തു. മൗറീഷ്യസ് റിപ്പബ്ലിക് മുൻ പ്രസിഡന്‍റ് അമീന ഗുരിബ് ഫക്കിം ശനിയാഴ്ചത്തെ മദർ എർത്, ഔർ ഹോം: ക്യാൻ ലവ് ഫോർ ദി പ്ലാനറ്റ് ഇൻസ്പയർ എ മോർ സസ്‌റ്റൈനബിൾ ഫ്യുചർ' എന്ന സെഷന്‍റെ മോഡറേറ്ററായിരുന്നു.
കിഴക്കൻ തിമോർ പ്രസിഡന്‍റും നോബൽ സമാധാന സമ്മാന (1996) ജേതാവുമായ ജോസ് മാനുവൽ റാമോസ് ഹോർട്ട; വോക്ഹാർട്ട് ഗ്രൂപ് ചെയർമാൻ ഡോ. ഹബീൽ ഖൊറാക്കിവാല, ഹ്യൂമൻ കമ്മിറ്റി ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റി സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ ഗാനിം അൽ ഗൈത്ത് (യു.എ.ഇ); എംബിഇസെഡ് യൂണിവേഴ്സിറ്റി ഫോർ ഹ്യൂമാനിറ്റീസ് ചാൻസലറും അക്കാദമിക് ലീഡറുമായ ഡോ. ഖലീഫ അൽദാഹിരി; സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാക്കളുടെ ലോക ഉച്ചകോടിയുടെ സ്ഥിരം സെക്രട്ടേറിയറ്റിന്‍റെ പ്രസിഡന്‍റ് എക്കത്തറീന സഗ്ലാഡിന; മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് സെക്രട്ടറി ജനറലും സമാധാനത്തിനായുള്ള മതങ്ങളുടെ സഹ-പ്രസിഡന്‍റുമായ മുഹമ്മദ് അബ്ദുൽ സലാം തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ഉച്ചകോടി ഞായറാഴ്ച സമാപിക്കും.