ദുബായ് എയർപോർട്ട്
പ്രത്യേക ലേഖകൻ
ദുബായ്: ഖത്തറിലെ യുഎസ് സൈനിക താവളം ലക്ഷ്യമാക്കി ഇറാൻ നടത്തിയ മിസൈൽ ആക്രമണം വിവിധ ഗൾഫ് രാജ്യങ്ങളിലുള്ള മലയാളികളെയും നാട്ടിലുള്ള അവരുടെ കുടുംബങ്ങളെയും ആശങ്കയിലാഴ്ത്തുന്നു. ജിസിസി രാജ്യങ്ങളൊന്നും ഇറാൻ-ഇസ്രയേൽ യുദ്ധത്തിൽ നേരിട്ടു പങ്കാളികളല്ലെങ്കിലും, ഖത്തറിലും സൗദി അറേബ്യയിലും കുവൈറ്റിലും ഇറാക്കിലും അടക്കം യുഎസ് സൈനിക താവളങ്ങളുള്ളതാണ് മേഖലയിലെ ആശങ്കയ്ക്കു കാരണം.
ഇറാന്‍റെ ആണവ നിലയങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണമാണ് ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യം വയ്ക്കാൻ ഇറാനെ പ്രേരിപ്പിക്കുന്നത്. നേരത്തെ ഇരുപത് അറബ് രാജ്യങ്ങൾ ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ അപലപിക്കുകയും ഇറാന് ധാർമിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതാണ്. എന്നിട്ടും ഖത്തറിൽ ഇറാൻ ആക്രമണം നടത്തിയത് ഈ രാജ്യങ്ങളെ അമ്പരപ്പിക്കുന്നു. അതേസമയം, സുഹൃദ് രാജ്യമായ ഖത്തറിനെയല്ല, യുഎസിനെ മാത്രമാണ് ആക്രമണത്തിലൂടെ ലക്ഷ്യം വച്ചതെന്നാണ് ഇറാന്‍റെ ന്യായീകരണം.
യുദ്ധത്തിലെ പങ്കാളിത്തം എന്തുതന്നെയായാലും ഗൾഫ് മേഖലയിലൂടെയുള്ള വ്യോമ ഗതാഗതത്തെ സംഘർഷം കാര്യമായി ബാധിച്ചു കഴിഞ്ഞു. ഇറാന്‍റെ ആക്രമണത്തെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് ഖത്തർ മുൻകൂട്ടി വ്യോമാതിർത്തി അടച്ചിരുന്നു. ആക്രമണത്തിനു ശേഷം തുറക്കുകയും ചെയ്തു. യുഎഇ, ബഹ്റൈൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളും ആക്രമണത്തിനു പിന്നാലെ വ്യോമാതിർത്തികൾ അടയ്ക്കുകയും വിമാന സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ തിങ്കളാഴ്ച രാത്രി തടസപ്പെട്ടു. പലരും വിമാനത്താവളത്തിലെത്തി ചെക്കിൻ ചെയ്ത ശേഷമാണ് സർവീസുകൾ റദ്ദാക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചെങ്കിലും ഇതു പൂർവസ്ഥിതിയിലാകാൻ ഇനിയും ദിവസങ്ങളെടുക്കും. ഇതിനിടെ വീണ്ടും ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളുണ്ടായാൽ യാത്രാ തടസം കൂടുതൽ രൂക്ഷമാകും.
യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ സ്കൂൾ അവധി അടുത്തു വരുന്ന സമയമാണിത്. അതുകൊണ്ടു തന്നെ മലയാളി കുടുംബങ്ങൾ ഏറ്റവും കൂടുതൽ കേരളത്തിലേക്കു യാത്ര ചെയ്യുന്നതും ജൂലൈയിലാണ്. ഈ സമയത്തുണ്ടാകുന്ന സംഘർഷവും യാത്രാ തടസങ്ങളുമാണ് പ്രവാസി കുടുംബങ്ങളെയും നാട്ടിലുള്ള ബന്ധുക്കളെയും ആശങ്കയിലാക്കുന്നത്.