ദുബായ് : ഗൾഫുഡ് 30-ാം പതിപ്പ് 17 മുതൽ 25 വരെ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കും.'ദി നെക്സ്റ്റ് ഫ്രോണ്ടിയർ ഇൻ ഫുഡ്' എന്ന പ്രമേയത്തിൽ നടക്കുന്ന ലോകത്തെ തന്നെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനത്തിന്‍റെ 30-ാം പതിപ്പിൽ 129 രാജ്യങ്ങളിൽ നിന്നുള്ള 5,500ലധികം പ്രദർശകർ 10 ലക്ഷത്തിലധികം ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും.
5 ദിവസങ്ങളിലായി 20 ബില്യൺ ഡോളറിന്‍റെ വ്യാപാര ഇടപാടുകൾ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വമ്പൻ ബഹുരാഷ്ട്ര കമ്പനികൾ മുതൽ സ്റ്റാർട്ടപ്പ് ഭക്ഷ്യ സംരംഭങ്ങൾ വരെ പ്രദർശകരിൽ ഉൾപ്പെടുന്നു. 1.3 ദശലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള 24 പ്രദർശന ഹാളുകൾ ഇവിടെ എത്തുന്നവർക്ക് സന്ദർശിക്കാം.
പുതിയ ഉൽപ്പന്നങ്ങൾ, ചേരുവകൾ, രുചികൾ എന്നിവ പുറത്തിറക്കുന്ന കമ്പനികളുമായി സംവദിക്കാം. അവരുടെ പാചക വൈദഗ്ധ്യം നേരിട്ട് അനുഭവിച്ചറിയാം. വാണിജ്യ-വ്യാപാര കരാറുകളിൽ ഏർപ്പെടാം. യുഎസ്എ, ഫ്രാൻസ്, ബ്രസീൽ, യുകെ, ഇന്ത്യ, സിംഗപ്പൂർ, ജപ്പാൻ, ഓസ്‌ട്രേലിയ, കൊസോവോ, മഡഗാസ്കർ, മൗറീഷ്യസ്, സാംബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കമ്പനികൾ സാന്നിദ്ധ്യമറിയിക്കും.