ഇ.ടി. മുഹമ്മദ് ബഷീർ
ദുബായ്: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ സ്വീകരിച്ചിട്ടുള്ള ഭീകരവിരുദ്ധ നിലപാടിന് യുഎഇ മികച്ച പിന്തുണയാണ് നൽകുന്നതെന്ന് യുഎഇ സന്ദർശിച്ച ഇന്ത്യൻ പ്രതിനിധി സംഘത്തിൽ ഉൾപ്പെട്ട ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. എല്ലാ കാലത്തും ഇന്ത്യയോടും ഇന്ത്യക്കാരോടും സഹിഷ്ണുതയും സഹവർത്തിത്വവും പുലർത്തിയ രാജ്യമാണ് യുഎഇയെന്നും, പാക്കിസ്ഥാനെതിരേ രാജ്യാന്തര തലത്തിൽ ഉയർന്നു വരുന്ന ഐക്യ നിരയിൽ യുഎഇയുമുണ്ടാകുമെന്നും ഇ.ടി. മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
അതിന്‍റെ ആദ്യ നടപടിയാണ് ഈ പാർലമെന്‍ററി ദൗത്യ സംഘത്തിന്‍റെ സന്ദർശനം. വളരെ സ്പഷ്ടവും കൃത്യവുമായ സമീപനമാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ സ്വീകരിച്ചത്. ഇന്ത്യക്കെതിരായ ആക്രമണത്തിൽ സങ്കല്പിക്കാനാവാത്ത മറുപടി പ്രതീക്ഷിച്ചോളൂവെന്ന് ഇന്ത്യ പറഞ്ഞു.
അതിശക്തമായി തന്നെ തിരിച്ചടിക്കുകയും ചെയ്തു. അതിൽ നാമെല്ലാം അഭിമാനം കൊള്ളുന്നു. വിവിധ സംസ്കാരങ്ങൾ, മതങ്ങൾ തുടങ്ങിയ വൈവിധ്യങ്ങളാൽ സമ്പന്നമായ ഇന്ത്യ, പാക് ആക്രമണത്തിനെതിരെ ഒരാത്മാവും ഏക ശരീരവുമായി ഒറ്റക്കെട്ടായി നിന്നു.
ഇതുപോലുള്ള ഐക്യത്തെക്കുറിച്ച് പാക്കിസ്ഥാന് ചിന്തിക്കാൻ തന്നെ കഴിയില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പ്രതിനിധികളെന്ന നിലയിൽ യുഎഇ യിൽ നടത്തിയത് ചരിത്ര സന്ദർശനമാണെന്നും ഇ.ടി. കൂട്ടിച്ചേർത്തു.