ദുബായ് : പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രക്ത ബന്ധം ഉള്ളവർക്കോ ബന്ധുക്കൾ ചുമതലപ്പെടുത്തുന്ന വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകൾ റദ്ദാക്കാനും രേഖകളിൽ ഒപ്പിടാനും സാധിക്കൂ എന്ന് കോൺസുലേറ്റ് അറിയിച്ചു.
സ്വദേശത്തേക്ക് മൃതദേഹം കൊണ്ടുപോകുന്നതിന് ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള ഫണ്ട് അനുവദിക്കുന്നതിന് പഞ്ചായത്ത് ഓഫീസുകൾ ഉൾപ്പെടെ ഇന്ത്യയിലെ അഞ്ച് വ്യത്യസ്ത സ്ഥാപനങ്ങളിലെ അധികാരികളിൽ നിന്ന് ഒപ്പ് ആവശ്യപ്പെടുന്നതാണ് മറ്റൊരു നിയമം.
പ്രവാസികളുടെ മൃതദേഹങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനായി ഏജന്‍റുമാർ കുടുംബങ്ങളെ ചൂഷണം ചെയ്ത നിരവധി കേസുകൾ ഉണ്ടായിട്ടുണ്ട് എന്ന് കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കുന്നു. കോൺസുലേറ്റ് അംഗീകൃത നിരക്കുകൾക്ക് പകരം അമിത തുക ഈടാക്കുന്ന ഏജൻ്റുമാരുടെ വഞ്ചനക്കെതിരെ കരുതിയിരിക്കണമെന്നും കോൺസുലേറ്റ് പ്രവാസികളോട് അഭ്യർത്ഥിച്ചു. ഉറ്റവർ മരിച്ചതിലുള്ള പ്രയാസത്തിൽ കഴിയുന്ന ദുഃഖിതരായ കുടുംബങ്ങൾക്കും നിയമപരമായി അധികാരപ്പെടുത്തിയ വ്യക്തികൾക്കും പ്രവേശനവും സൗകര്യവും ഒരുക്കാൻ കോൺസുലേറ്റ് പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ അറിയിച്ചു.
എമിറേറ്റുകളിലുമുടനീളമുള്ള സാമൂഹിക അസോസിയേഷനുകളുടെ ഒരു പാനൽ കോൺസുലേറ്റിനുണ്ടെന്നും, അവർ ഈ സേവനങ്ങൾ സർവിസ് നിരക്കുകളൊന്നുമില്ലാതെ കുടുംബങ്ങൾക്ക് നൽകുന്നുണ്ടെന്നും അടിയന്തര മാർഗനിർദേശത്തിനും സൗകര്യത്തിനും കുടുംബങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടാമെന്നും കോൺസുലേറ്റ് കൂട്ടിച്ചേർത്തു