അമേരിക്കൻ ഉപരോധം അംഗീകരിക്കുന്ന രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇറാൻ സൈന്യം
ടെഹ്‌റാൻ: ഇറാനെതിരെയുള്ള അമേരിക്കൻ ഉപരോധങ്ങളോട് സഹകരിക്കുകയും അവ നടപ്പിലാക്കുകയും ചെയ്യുന്ന രാജ്യങ്ങൾക്കെതിരെ ഹോർമുസ് കടലിടുക്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.
ഇത്തരം രാജ്യങ്ങളുടെ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ സുഗമമായ യാത്ര അനുവദിക്കില്ലെന്ന് ഇറാൻ സൈനിക വക്താവ് മുഹമ്മദ് അക്രമീനിയ അറിയിച്ചു.
ശത്രുരാജ്യങ്ങളുടെ ലക്ഷ്യങ്ങളൊന്നും വിജയിച്ചിട്ടില്ലെന്നും ഇറാന്‍റെ രാഷ്ട്രീയ-സാമ്പത്തിക സുസ്ഥിരത തകർക്കാൻ ഉപരോധങ്ങൾക്കായിട്ടില്ലെന്നും സൈന്യം അവകാശപ്പെട്ടു.
ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം പൂർണമായും ഇറാന്‍റെ കീഴിലാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ ബില്ലിന് ഇറാൻ പാർലമെന്‍റ് രൂപം നൽകുന്നതായി റിപ്പോർട്ടുകളുണ്ട്. ശത്രുരാജ്യങ്ങളുടെ കപ്പലുകൾക്ക് ഈ പാതയിലൂടെ യാത്ര നിഷേധിക്കുന്ന വ്യവസ്ഥകൾ ഇതിൽ ഉൾപ്പെടുന്നു.
ആഗോള വിപണിയിലെത്തുന്ന എണ്ണയുടെ വലിയൊരു ഭാഗം കടന്നുപോകുന്ന പാതയായതിനാൽ, ഇറാന്‍റെ ഈ തീരുമാനം ആഗോള എണ്ണവിലയെയും ചരക്ക് നീക്കത്തെയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്. അമേരിക്ക നടപ്പിലാക്കുന്ന ഉപരോധങ്ങളെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും തങ്ങളുടെ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കുമെന്നും ഇറാൻ വ്യക്തമാക്കി.