വാണിജ്യ സ്ഥാപനങ്ങളിൽ പശ്ചാത്തലത്തിൽ സംഗീതം പ്ലേ ചെയ്യണമെങ്കിൽ ലൈസൻസ് ഫീസ് നൽകേണ്ടി വരും.
പ്രതീകാത്മക ചിത്രം
ദുബായ്: യുഎഇയിലെ കഫേകൾ, ഹോട്ടലുകൾ, ഷോപ്പിങ് മോളുകൾ, ഫിറ്റ്നസ് സെന്‍ററുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ പശ്ചാത്തലത്തിൽ സംഗീതം പ്ലേ ചെയ്യണമെങ്കിൽ ലൈസൻസ് ഫീസ് നൽകേണ്ടി വരും.
ഡിസംബർ ഒന്നുമുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. പകർപ്പവകാശ ലംഘനങ്ങൾ തടയുന്നതിനും സംഗീതജ്ഞരുടെയും കലാകാരന്മാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി തയാറാക്കിയ പുതിയ മാർഗരേഖയുടെ അടിസ്ഥാനത്തിലാണ് നടപടി.
റസ്റ്ററന്‍റുകൾക്കും മോളുകൾക്കും പുറമെ റേഡിയോ സ്റ്റേഷനുകൾ, ടെലിവിഷൻ ചാനലുകൾ, വിമാനക്കമ്പനികൾ, തത്സമയ സംഗീതക്കച്ചേരികൾ എന്നിവയ്ക്കും ഈ ഫീസ് ബാധകമായിരിക്കും. സ്ഥാപനങ്ങളുടെ വലുപ്പവും സംഗീതം ഉപയോഗിക്കുന്ന രീതിയും കണക്കിലെടുത്തായിരിക്കും ഫീസ് തുക നിശ്ചയിക്കുക.
ഒരു വർഷത്തെ കാലാവധിയുള്ള ലൈസൻസുകളാണ് ഇതിനായി നൽകുന്നത്. ശേഖരിക്കുന്ന ആകെ ഫീസിന്‍റെ പത്ത് ശതമാനം തുക രാജ്യത്തെ പുതിയ സംഗീത പ്രതിഭകളെ വളർത്തിയെടുക്കുന്നതിനും പ്രാദേശിക കലാകാരന്മാരെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രത്യേക സാംസ്കാരിക നിധിയിലേക്ക് മാറ്റുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
എന്നാൽ വിദ്യാലയങ്ങൾ, കോളേജുകൾ, സർക്കാർ സ്ഥാപനങ്ങൾ, വാണിജ്യേതര ദേശീയ ആഘോഷങ്ങൾ, വ്യക്തിഗത ചടങ്ങുകൾ എന്നിവക്ക് ഈ നിയമം ബാധകമല്ല.