പ്രഥമ ലയൺസ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ ലയൺസ് ഫാൽക്കൺ ചാമ്പ്യൻമാർ
അജ്‌മാൻ: ലയൺസ് യുഎഇ യുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ ലയൺസ് ക്രിക്കറ്റ് പ്രീമിയർ ലീഗിൽ ലയൺസ് ഫാൽക്കൺ ജേതാക്കളായി. ഫൈനലിൽ ലയൺസ് ഹണ്ടേഴ്സിനെ 38 റൺസിനു തകർത്താണ് ലയൺസ് ഫാൽക്കൺ ചാമ്പ്യമാരായത്. നൗഷാദ് കടവത്തിനെ ഫൈനലിലെ താരമായും ടൂർണമെന്‍റിലെ മികച്ച കളിക്കാരനായും മികച്ച ബാറ്ററായും തെരഞ്ഞെടുത്തു. ഫാൽക്കണിന്‍റെ അസീറാണ് മികച്ച ബൗളർ.
മികച്ച ഫീൽഡറായി ഹണ്ടേഴ്സിന്‍റെ ആദിലും എമെർജിങ് പ്ലെയറായി ചാർജേഴ്‌സിന്‍റെ നിയാസും തെരഞ്ഞെടുക്കപ്പെട്ടു. മുസമ്മിൽ ചാരൻ, ടി.വി. സുലൈയിം, റൗഫ് കടവത്ത്, ഇസ്മായിൽ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
നെക്കി ബസാർ പ്രദേശത്തു നിന്നും എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് ലയൺസ് ഉപദേശക സമിതി അംഗം പുന്നക്കൻ ബീരാൻ ഹാജി ഉപഹാരം നൽകി. സന്നദ്ധ പ്രവർത്തകരായ മുസമ്മിൽ സലാം, മുബഷിർ മുട്ടം, ജാബിർ ബിൻ അബ്ദുള്ള എന്നിവരെ ആദരിച്ചു.
കുടുംബ സംഗമവും ക്രിക്കറ്റ് പ്രീമിയർ ലീഗ് മത്സരവും ദുബായ് എംഎംജെസി പ്രസിഡന്‍റ് പുന്നക്കൻ മുഹമ്മദലി ഉദ്‌ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്‍റ് കെ. നസീബ് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി മൊയ്‌ൻഷ സ്വാഗതവും ഫൈൻസ് സെക്രട്ടറി സുഹൈൽ നന്ദിയും പറഞ്ഞു.