ജെസി

 
Pravasi

മകൾക്കൊപ്പം താമസിക്കാനെത്തി, രണ്ട് പേർക്ക് പുതുജീവനേകി മലയാളി വീട്ടമ്മ ജെസിയുടെ അന്ത്യയാത്ര

ഒരാൾക്ക് രണ്ട് വൃക്കകളും മറ്റൊരാൾക്ക് കരളുമാണ് നൽകിയത്.

UAE Correspondent

ദുബായ്: ഭർത്താവിന്‍റെ വിയോഗത്തിന് ശേഷം ദുബായിലുള്ള മകളുടെ കുടുംബത്തോടൊപ്പം താമസിക്കാനെത്തിയ മലയാളി വീട്ടമ്മയുടെ അപ്രതീക്ഷിത മസ്തിഷ്ക മരണം ജീവനേകിയത് യുഎഇ യിലുള്ള രണ്ട് പേർക്ക്. സന്ദർശക വീസയിൽ മകളുടെ കുടുംബത്തോടൊപ്പം താമസിക്കവെയാണ് തൃശൂർ ജില്ലയിലെ ഗുരുവായൂർ കോട്ടപ്പടി വെള്ളറ വീട്ടിൽ ജോസ് മോന്‍റെ ഭാര്യ ജസീന്ത എന്ന ജെസിക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്ന് മക്കളുടെയും ഉറ്റ ബന്ധുക്കളുടെയും അനുമതിയോടെ ജെസിയുടെ അവയവങ്ങൾ ദാനം ചെയ്യുകയായിരുന്നു.

മൂന്ന് വർഷം മുൻപാണ് ജെസിയുടെ ഭർത്താവ് മരിച്ചത്. മക്കളായ ബ്രിറ്റിയും ബ്രിട്ടോയും വിദേശ രാജ്യങ്ങളിൽ താമസമാക്കിയതോടെ ഒറ്റപ്പെടലിന്‍റെ വേദന മറികടക്കാനാണ് ജെസി രണ്ട് വർഷം മുൻപ് ദുബായിലുള്ള മകളുടെ കുടുംബത്തോടൊപ്പം താമസിക്കാനെത്തിയത്. സന്ദർശക വിസയിലായിരുന്നു ദുബായിലെ താമസം.

ഈ മാസം 14 നാണ് ജെസി താമസസ്ഥലത്ത് പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടൻ തന്നെ ദുബായ് മൻഖൂൽ ആസ്റ്റർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ തിരിച്ചുപിടിക്കാനുള്ള ഡോക്റ്റർമാരുടെ ശ്രമങ്ങളെല്ലാം വിഫലമായി. വിദഗ്ധ ചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ ബന്ധുക്കൾ തയ്യാറായിരുന്നെങ്കിലും ജെസ്സി മസ്തിഷ്ക മരണം എന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. ദിവസങ്ങൾക്കുള്ളിൽ ദുബായി ഹെൽത്ത് അതോറിറ്റി മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയും ചെയ്തു.

ജെസി കുടുംബാംഗങ്ങൾക്കൊപ്പം

മക്കളായ ബ്രിറ്റി, കാനഡയിൽ ബ്രിട്ടോ എന്നിവരും മരുമക്കളായ സോബി ( ദുബായ്), ആൻസി ( കാനഡ ) എന്നിവർ കൂടിയാലോചിച്ച് അവയവങ്ങൾ ദാനം ചെയ്യാമെന്ന തീരുമാനത്തിലെത്തി. നാട്ടിലുള്ള ജെസിയുടെ ഉറ്റ ബന്ധുക്കളും ഇതിന് സമ്മതം അറിയിച്ചു. ഒരാൾക്ക് രണ്ട് വൃക്കകളും മറ്റൊരാൾക്ക് കരളുമാണ് നൽകിയത്.

ജെസിയുടെ ഭൗതിക ശരീരം കാവീട് സെന്‍റ് ജോസഫ് ഇടവക ദേവാലയ സെമിത്തേരിയിൽ സംസ്കരിച്ചു.

അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകിയ ശേഷം ജെസിയെ ശസ്ത്രക്രിയ തിയറ്ററിലേക്ക് കൊണ്ടുപോകുന്ന വേളയിൽ ദുബായ് കിങ്സ് കോളജ് ലണ്ടൻ ആശുപത്രി വൈകാരികമായ ഒരു ചടങ്ങിന് സാക്ഷ്യം വഹിച്ചു. 'ഓണർ വാക്ക്' എന്നറിയപ്പെടുന്ന ആദരമർപ്പിക്കലായിരുന്നു അത്.

മസ്തിഷ്ക മരണം സംഭവിച്ച ഒരു വ്യക്തിയുടെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിക്കുമ്പോൾ ആ ദാതാവിനോടും അവരുടെ കുടുംബത്തോടുമുള്ള ഉള്ള ആദരസൂചകമായി ആശുപത്രി ജീവനക്കാരും ഡോക്ടർമാരും ബന്ധുക്കളും ചേർന്ന് നടത്തുന്ന പ്രത്യേക ചടങ്ങാണിത്.

അവസാന യാത്രയ്ക്കായി ദാതാവിനെ ശസ്ത്രക്രിയ തിയറ്ററിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ ആശുപത്രി ഇടനാഴിയുടെ ഇരുവശങ്ങളിലുമായി ഡോക്ടർമാരും നഴ്സുമാരും മറ്റ് ജീവനക്കാരും ആദരവോടെയും പ്രാർഥനയോടെയും നിരയായി നിൽക്കും.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്‍റെ കീഴിലുള്ള 'ഹയാത്ത്' എന്ന ദേശീയ പദ്ധതി വഴിയാണ് അവയവദാനവും അവയവമാറ്റ ശസ്ത്രക്രിയകളും ഏകോപിപ്പിക്കുന്നത്. യുഎഇ നിയമപ്രകാരം മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കളുടെ പൂർണ സമ്മതത്തോടെ മാത്രമേ അവയവദാനം സാധ്യമാകൂ. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ താൽപര്യമുള്ള ഏതൊരു യുഎഇ താമസക്കാരനും 'ഹയാത്ത്' ആപ്പിലോ വെബ്‌സൈറ്റിലോ മുൻകൂട്ടി റജിസ്റ്റർ ചെയ്യാനും അവസരമുണ്ട്. മസ്തിഷ്ക മരണം സംഭവിച്ചതായി പ്രത്യേക മെഡിക്കൽ ബോർഡ് സ്ഥിരീകരിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ.

അതിർത്തി കാക്കാൻ ഇനി സ്മാർട്ട് ബോർഡർ പദ്ധതി

സൺറൈസേഴ്സ് ബാറ്റിങ് വിസ്ഫോടനം; പക്ഷേ, ആർസിബി തന്നെ ഒന്നാമത്

പേഴ്സണൽ സ്റ്റാഫിനു പെൻഷൻ: സർവീസ് പരിധി ഉയർത്തി

വൈദ്യുതി നിയന്ത്രണം തിങ്കളാഴ്ച വരെ തുടരും

എബോള പ്രതിരോധം: കേരളത്തിലും മാർഗനിർദേശങ്ങൾ