എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഏറ്റവും മികച്ച വിദഗ്ദ്ധ തൊഴിലാളിക്കുള്ള പുരസ്കാരം മലയാളിക്ക്
ദുബായ്: യുഎഇ സ്വകാര്യ തൊഴിൽ മേഖലയിലെ ഏറ്റവും വലിയ പുരസ്കാരമായ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിൽ ഏറ്റവും മികച്ച വിദഗ്ധ തൊഴിലാളിക്കുള്ള പുരസ്കാരം മലയാളിക്ക് ലഭിച്ചു. മാനേജ്‌മെന്‍റ്, എക്സിക്യൂട്ടീവ് വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അപേക്ഷകരിൽ നിന്ന് മാനവ വിഭവശേഷി മന്ത്രായലയത്തിന്‍റെ പുരസ്‌കാരത്തിന് അർഹനായത് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി അനസ് കാതിയാരകമാണ്.
മിന മേഖലയിലെ ഏറ്റവും വലിയ ആരോഗ്യസേവന ദാതാവായ ബുർജീൽ ഹോൾഡിങ്സിൽ റീജിയണൽ ഹ്യൂമൻ റിസോഴ്സ് മാനേജരായി ജോലി ചെയ്യുന്ന അനസിന് 24 ലക്ഷം രൂപയുടെ (ഒരു ലക്ഷം ദിർഹം) ക്യാഷ് അവാർഡ്, സ്വർണ നാണയം, ആപ്പിൾ വാച്ച്, ഫസ പ്ലാറ്റിനം പ്രിവിലേജ് കാർഡ്, പ്രത്യേക ഇൻഷൂറൻസ് കാർഡ്, എന്നിവയാണ് സമ്മാനം. പ്രസിഡൻഷ്യൽ കോർട്ട് ഫോർ ഡെവലപ്മെന്‍റ് ആൻഡ് ഫോളൻ ഹീറോസ് അഫയേഴ്സിന്‍റെ ഡെപ്യൂട്ടി ചെയർമാൻ തെയ്യാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു. ഔട്ട്സ്റ്റാൻഡിങ് വർക്ക്ഫോഴ്സ് വിഭാഗത്തിലെ മാനേജ്മെന്‍റ് ആൻഡ് എക്സിക്യൂട്ടീവ് ഉപവിഭാഗത്തിലാണ് അനസ് ഒന്നാം സ്ഥാനം നേടിയത്.
ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദധാരിയായ അനസ് 2009 - ലാണ് യുഎഇയിൽ എത്തുന്നത്. അബുദാബി എൽഎൽഎച്ച് ഡേ കെയർ സെന്‍ററിൽ എച്ച്ആർ എക്സിക്യൂട്ടീവായിട്ടായിരുന്നു പ്രവാസ ജീവിതത്തിന്‍റെ തുടക്കം. പിന്നീടുള്ള 16 വർഷങ്ങളിൽ ആശുപത്രിയുടെ സീനിയർ എച്ച്ആർ എക്സിക്യൂട്ടിവ്, അസിസ്റ്റന്‍റ് മാനേജർ, മുസഫ മേഖലയുടെ മാനേജർ, റീജിയണൽ മാനേജർ എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. കോവിഡ് കാലയളവിൽ ബുർജീൽ ഹോൾഡിങ്‌സ് മാനേജ് ചെയ്ത മഫ്രക് കോവിഡ് ആശുപത്രിയുടെ എച്ച്ആർ ഓപ്പറേഷൻസ് ചുമതല അനസിനായിരുന്നു. ആശുപത്രി കമ്മീഷനിങ് മുതൽ പ്രവർത്തനം വിജയകരമായി അവസാനിപ്പിക്കുന്നതുവരെ മഫ്രക് കേന്ദ്രീകരിച്ചു പ്രവർത്തിച്ചതിന് സർക്കാരിന്‍റെ ഹീറോസ് ഓഫ് ദി യുഎഇ മെഡലും ഗോൾഡൻ വിസയും അനസിന് ലഭിച്ചിട്ടുണ്ട്.