കടൽമാർഗം ഖത്തറിലേക്ക്; സഞ്ചാരികൾക്കായി 'മിനാകോം' പ്ലാറ്റഫോം | Video
കടല്‍ മാര്‍ഗം ഖത്തറിലെത്തുന്ന സഞ്ചാരികള്‍ക്ക് മിനാകോം എന്ന പേരിൽ പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ച് ഓൾഡ് ദോഹ പോർട്ട്. ഖത്തറിലേക്ക് സമുദ്ര പാത വഴിയെത്തുന്ന വിനോദ സഞ്ചാരികൾക്ക് മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഡിജിറ്റലൈസേഷന്‍. ബോട്ട്, യാച്ചുകൾ, എന്നിവ വഴിയെത്തുന്ന സന്ദർശകർക്ക് കരയിലെത്തും മുമ്പ് തന്നെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ബോട്ടിൽ ഇരുന്ന് തന്നെ പൂർത്തിയാക്കാം.
തീരത്ത് ബോട്ടിന് നിർത്താനുള്ള സൗകര്യവും ലഭ്യമാകും. ലോജിസ്റ്റിക്സ് ഏജന്‍റു വഴി ഇമിഗ്രേഷൻ, കസ്റ്റംസ് ക്ലിയറൻസ് എന്നിവയും പൂര്‍ത്തിയാക്കാം. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള സമുദ്ര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി കൂടിയാണ് പുതിയ സൗകര്യങ്ങള്‍. പോർട്ടലിന്‍റെ സോഫ്റ്റ് ലോഞ്ചിങ് നിർവഹിച്ചതു മുതൽ ഇതിനകം 250ഓളം സ്വകാര്യ യാത്രാ ബോട്ടുകൾക്ക് സൗകര്യമൊരുക്കാൻ കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി.