മന്ത്രി പി.സി. വിഷ്ണുനാഥ്.
ദുബായ്: ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടി നൽകിയും കേരളത്തിന്‍റെ ഭാവി ടൂറിസം പദ്ധതികൾ വിശദീകരിച്ചും ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ്. ദുബായ് വേൾഡ് ട്രേഡ് സെന്‍ററിലെ അറബ് ട്രാവൽ മാർക്കറ്റ് വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ, കുറ്റം ചെയ്തവർ ആരായാലും നിയമനടപടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ആന്‍റോ അഗസ്റ്റിന്‍റെ അറസ്റ്റ് മാധ്യമ വേട്ടയാണെന്ന പ്രചാരണം പൂർണമായും അടിസ്ഥാനരഹിതമാണ്. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്ന സമീപനമാണ് സർക്കാരിന്‍റേത്. മുൻപ് പ്രതിപക്ഷത്തിരുന്നപ്പോഴും വിമർശനങ്ങൾ കേട്ടു ശീലിച്ചവരാണ് ഞങ്ങൾ, അതിനാൽ ഒരു മാധ്യമ സ്ഥാപനത്തോടും പ്രതികാര നടപടിയുണ്ടാകില്ലെന്നും മാധ്യമസ്വാതന്ത്ര്യം സർക്കാർ പൂർണമായി സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം കേരള ടൂറിസം മേഖലയുടെ വികസനത്തിനായുള്ള നിർണായക പ്രഖ്യാപനങ്ങളും മന്ത്രി നടത്തി. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 100 പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സജ്ജമാക്കും. കൂടാതെ, വിനോദസഞ്ചാരികളുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കാൻ ദുബായ് പൊലീസിന്‍റെ മാതൃകയിൽ പ്രത്യേക സുരക്ഷാ ആപ്ലിക്കേഷൻ കേരളത്തിൽ നടപ്പിലാക്കും. പ്രധാനം എന്ന് കരുതുന്ന ചില വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുബായിലെ ടൂറിസം പൊലീസ് സംവിധാനത്തിന്റെ മാതൃകയിൽ സുരക്ഷയൊരുക്കാനും പദ്ധതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.