ദുബായിൽ ദിയാധനം കൈകാര്യം ചെയ്യാൻ പുതിയ സംവിധാനം
ദുബായ്: ദുബായിൽ ദിയ ധനം നൽകേണ്ട കേസുകളിൽ തടസ്സമില്ലാതെ തീർപ്പ് കൽപിക്കാൻ പുതിയ ഡിജിറ്റൽ സംവിധാനം വരുന്നു. യുഎഇ സെൻട്രൽ ബാങ്ക്, ദുബൈ പബ്ലിക് പ്രോസിക്യൂഷൻ എന്നിവർ കൈകോർത്താണ് ഇലക്ട്രോണിക് സംവിധാനം അവതരിപ്പിച്ചത്. സെൻട്രൽ ബാങ്കിന്‍റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ദുബൈ പബ്ലിക് പ്രോസിക്യൂഷനും ഇൻഷുറൻസ് സ്ഥാപനങ്ങളും തമ്മിൽ നേരിട്ടുള്ള ഡിജിറ്റൽ സംയോജനം സാധ്യമാക്കുകയാണ് ലക്ഷ്യം.
ഉദ്യോഗസ്ഥരുടെ ഇടപെടൽ കുറച്ച് ദിയ ധനം നൽകേണ്ട കേസുകൾ വേഗത്തിൽ തീർപ്പാക്കുക, സാമ്പത്തിക, ജുഡീഷ്യൽ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ സംവിധാനം മുന്നോട്ടുവെക്കുന്നത്. ‘സീറോ ബ്യൂറോക്രസി’നയത്തെ പിന്തുണക്കുന്നതാണ് പുതിയ സംരംഭം.
ഇതുസംബന്ധിച്ച കരാർ ഒപ്പുവെക്കൽ ചടങ്ങിൽ ഇരു സ്ഥാപനങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്തു. അപകട മരണങ്ങളിൽ ഇൻഷുറൻസും ദിയ ധനവും നൽകേണ്ട സാഹചര്യങ്ങളിൽ ഇരകൾക്ക് വേഗത്തിൽ നീതി ലഭ്യമാക്കാൻ പുതിയ സംവിധാന സഹായകമാവുമെന്നാണ് പ്രതീക്ഷ.