പുതുതലമുറ മോഡലായ നിക്കോൺ സെഡ് ആർ മധ്യപൂർവദേശ വിപണിയിൽ അവതരിപ്പിച്ച് നിക്കോൺ

 
Pravasi

പുതുതലമുറ മോഡലായ നിക്കോൺ സെഡ് ആർ മധ്യപൂർവദേശ വിപണിയിൽ അവതരിപ്പിച്ച് നിക്കോൺ

ഓസോ ഓഡിയോ സിസ്റ്റം വഴിയാണ് പ്രഫഷനൽ നിലവാരത്തിലുള്ള ശബ്ദം പകർത്തുന്നത്.

Megha Ramesh Chandran

ദുബായ്: പ്രമുഖ ക്യാമറ നിർമാതാക്കളായ നിക്കോൺ ഇസഡ് സിനിമാ നിരയിലെ ഏറ്റവും പുതിയ മോഡലായ നിക്കോൺ സെഡ് ആർ മധ്യപൂർവദേശ വിപണിയിൽ അവതരിപ്പിച്ചു. ദുബായിൽ സംഘടിപ്പിച്ച റെഡ് കാർപെറ്റ് സിനിമാ പ്രീമിയറിലാണ് നിക്കോൺ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക പുതിയ ക്യാമറ അനാച്ഛാദനം ചെയ്തത്. നിക്കോണിന്‍റെ റെഡ് ഡിജിറ്റൽ സിനിമയുമായുള്ള സഹകരണമാണ് ഇസഡ് സിനിമാ നിരയിലെ ഈ പുതിയ കൂട്ടിച്ചേർക്കലിന് പിന്നിൽ. 'നിക്കോൺ സെഡ് ആർ പ്രീമിയർ' എന്ന പേരിലാണ് പരിപാടി നടന്നത്.

പൂർണ ഫ്രെയിം സെൻസറോടുകൂടിയ നിക്കോൺ സെഡ് ആർ, റെഡുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത നിക്കോണിന്‍റെ പ്രത്യേകത ആർ ത്രിഡി എൻഇ റോ റെക്കോർഡിങ് ഫോർമാറ്റ് ഉപയോഗിക്കുന്നു എന്നതാണ്. ഇതിൽ പരമാവധി 6കെ/59.94പി റെക്കോർഡിങ് സാധ്യമാണ്. 15+ സ്റ്റോപ്പുകളുടെ ഡൈനാമിക് റേഞ്ചും ഡ്യുവൽ ബേസ് ഐഎസ്ഒ 800, 6400 എന്നിവയിലൂടെ ഏത് പ്രകാശ സാഹചര്യത്തിലും മികച്ച നിലവാരം ഉറപ്പാക്കുന്നു. 32-ബിറ്റ് ഫ്ലോട്ട് ഓഡിയോ റെക്കോർഡിങ് സൗകര്യമുള്ള ലോകത്തിലെ ആദ്യത്തെ ഇന്‍റർചേഞ്ചബിൾ ലെൻസ് ഫുൾ-ഫ്രെയിം ക്യാമറ എന്ന ബഹുമതിയും നിക്കോൺ സെഡ് ആർ സ്വന്തമാക്കി.

ഓസോ ഓഡിയോ സിസ്റ്റം വഴിയാണ് പ്രഫഷനൽ നിലവാരത്തിലുള്ള ശബ്ദം പകർത്തുന്നത്. നിക്കോൺ സെഡ് ആർ വിഡിയോഗ്രഫി രംഗത്തെ നിർണായക ചുവടുവയ്പാണെന്ന് നിക്കോൺ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മാനേജിങ് ഡയറക്റ്റർ നരേന്ദ്ര മേനോൻ പറഞ്ഞു. നിക്കോണിന്‍റെ ദീർഘകാല ക്യാമറ സാങ്കേതികവിദ്യയെ റെഡിന്‍റെ ലോകപ്രസിദ്ധമായ കളർ സയൻസിലും സിനിമാ കോഡെക്കുകളിലുമായി സംയോജിപ്പിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ തലമുറ ചലച്ചിത്ര സംവിധായകർക്കും കണ്ടന്‍റ് ക്രിയേറ്റർമാർക്കും ഇത് മികച്ച സാധ്യതകൾ നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിക്കോൺ സെഡ് ആറിൽ പൂർണ്ണമായും ചിത്രീകരിച്ച ഹ്രസ്വചിത്രങ്ങളുടെ പ്രത്യേക പ്രദർശനവും ഈ വേദിയിൽ നടന്നു. നിക്കോൺ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്കയുടെ പ്രൊഡക്ഷനായ 'ദ് സെഡ് ആർ ഫിലിം' പ്രദർശനത്തോടെയാണ് ഷോ ആരംഭിച്ചത്. തുടർന്ന് മുഹമ്മദ് റേസായിയുടെ ‘ഇൻ ദ് നെയിം ഓഫ് ഗോഡ്’, ഡോ. അലി മുഹമ്മദ് സംവിധാനം ചെയ്ത ഡോക്യുമെന്‍ററി ‘എ സ്റ്റോറി ഓഫ് എ സ്റ്റോറി ടെല്ലർ’, യോബൽ മുചാങ്ങിന്‍റെ ‘ഐലൻഡ് ഓഫ് സെക്കൻഡ് ചാൻസസ്’ എന്നിവയും പ്രദർശിപ്പിച്ചു. നിക്കോൺ അംബാസഡർ മജിദ് അൽസാബിയും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ