പ്രജക്ത കോലി, മഞ്ജുഷ രാധാകൃഷ്‌ണൻ
ഷാർജ: യഥാർഥ ജീവിതത്തിൽ നിന്നുള്ള വിടുതലാണ് പ്രണയമെന്ന് പ്രമുഖ യൂട്യൂബറും നടിയും കോൺടെന്‍റ് ക്രിയേറ്ററുമായ പ്രജക്ത കോലി. ജീവിതത്തിലെ പ്രണയവും കഥയിലെ പ്രണയവും തമ്മിൽ താരതമ്യം ചെയ്യാനാവില്ല. കഥകളിൽ കാണുന്ന വിധമുള്ള പ്രണയ നായകരെ പ്രേമിക്കാൻ പോയാൽ നമ്മൾ ജയിലിലാവുമെന്നും പ്രജക്ത പറഞ്ഞു. ഷാർജ അന്തർദേശിയ പുസ്തക മേളയിൽ തന്‍റെ ആദ്യ നോവലായ 'റ്റൂ ഗുഡ് ടു ബി ട്രു' എന്ന പുസ്തകത്തെ ആധാരമാക്കി നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കഥകളിലെ കാമുകന്മാരെ യഥാർഥ ജീവിതത്തിലെ കാമുകന്മാരെ അളക്കാനുള്ള മാനദണ്ഡമാക്കരുതെന്നും അവർ വ്യക്തമാക്കി.
'ഇരുണ്ട പ്രണയകഥകളോട് പൊതുവെ താത്പര്യമില്ലെന്ന് പ്രജക്ത വിശദീകരിച്ചു. വായിച്ച അത്തരം ഒരു നോവൽ ഏറെക്കാലം മനസിനെ അലട്ടിയിരുന്നു.അത്തരം പ്രമേയങ്ങളെ മഹത്വവൽക്കരിക്കുന്ന വായനക്കാരുണ്ട്. ഇത്തരം അഭിരുചികൾ വ്യക്തിനിഷ്ഠമാണ്.
ഒരു ത്രില്ലർ നോവലിലേതു പോലെ ട്വിസ്റ്റുകൾ സൃഷ്ടിക്കാൻ സാധ്യത കുറവാണെങ്കിലും പ്രണയത്തെക്കുറിച്ച് എഴുതുന്നതാണ് ഇഷ്ടമെന്നും അതാണ് കൂടുതൽ എളുപ്പമെന്നും പ്രജക്ത പറഞ്ഞു. എന്നാൽ ലക്ഷണമൊത്ത പ്രണയ നോവലുകൾ എഴുതുന്ന ഇന്ത്യൻ എഴുത്തുകാരുടെ എണ്ണം വളരെ കുറവാണെന്നും അവർ പറഞ്ഞു. രാധിക അഗർവാളിനെ പോലെയുള്ള അപൂർവം എഴുത്തുകാർ വ്യത്യസ്തമായ പ്രണയത്തെ ആവിഷ്കരിക്കുന്നവരാണെന്നും പ്രജക്ത ചൂണ്ടിക്കാട്ടി.
തന്‍റെ ആദ്യ നോവൽ പ്രണയത്തെക്കുറിച്ചാണെങ്കിലും സൗഹൃദത്തിന്‍റെ ആഴം ബോധ്യപ്പെടുത്തുന്ന ഒരു കഥ കൂടി അതിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ഒരു പ്രണയബന്ധം തകരുന്നതിനേക്കാൾ ഹൃദയവേദന അനുഭവിക്കുന്നത് സൗഹൃദം ഇല്ലാതാവുമ്പോഴാണെന്ന് പ്രജക്ത പറയുന്നു.
ആറ് വയസ് മുതൽ അറുപത് വയസ് വരെയുള്ള ആസ്വാദകരുടെ ചോദ്യങ്ങൾക്ക് സരസവും വ്യക്തവുമായ മറുപടികളാണ് പ്രജക്ത നൽകിയത്. ആരാധകർക്ക് പുസ്തകം ഒപ്പുവെച്ച് നൽകിയും ഫോട്ടോ എടുത്തും പ്രചോദാത്മകമായ വാക്കുകൾ പങ്കുവെച്ചും ജെൻ സിയെ കൈയിലെടുത്താണ് ഷാർജ എക്സ്പോ സെന്ററിലെ ഇന്റലക്ച്വൽ ഹാളിൽ നിന്ന് പ്രജക്ത കോലി മടങ്ങിയത്. ഗൾഫ് ന്യൂസ് എന്‍റർറ്റൈൻമെന്‍റ് എഡിറ്റർ മഞ്ജുഷ രാധാകൃഷ്‌ണൻ മോഡറേറ്ററായിരുന്നു.