ഷാർജയിൽ സംസം വെള്ളത്തിന്‍റെ വിൽപ്പനയിൽ നിന്ന് കടയുടമകളെ വിലക്കി നഗരസഭ
ഷാർജ: സംസം വെള്ളത്തിന്‍റെ വിൽപ്പനയിൽ നിന്ന് കടയുടമകളെ ഷാർജ മുൻസിപ്പാലിറ്റി വിലക്കി വാണിജ്യ സ്ഥാപനങ്ങൾ സംസം വെള്ളം വ്യാപാരം ചെയ്യുന്നതിൽ നിന്നും, പ്രദർശിപ്പിക്കുന്നതിൽ നിന്നും, വിൽക്കുന്നതിൽ നിന്നും വിട്ടുനിൽക്കണമെന്ന് മുൻസിപ്പാലിറ്റി കർശന നിർദേശം നൽകി.
പ്രാദേശിക വിപണികളിൽ നിന്ന് സംസം വെള്ളം വാങ്ങുന്നത് ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. കടകൾ പുതിയ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുനിസിപ്പാലിറ്റി നിരീക്ഷണം ശക്തമാക്കും.
ഷാർജയിൽ വ്യാജ സംസം വെള്ളം വിൽപന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായതിനെത്തുടർന്നാണ് നിരോധനം ഏർപ്പെടുത്തുന്നത്.
ഇത്തരത്തിലുള്ള നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 993 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്നും, ലൈസൻസില്ലാത്ത ഭക്ഷ്യ സ്ഥാപനങ്ങളിൽ നിന്നോ സമൂഹ മാധ്യമ സൈറ്റുകളിൽ നിന്നോ ഉത്പന്നങ്ങൾ വാങ്ങരുതെന്നും മുൻസിപ്പാലിറ്റി അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.