ലഫ്റ്റനന്‍റ് ജനറൽ പദവിയിലേക്ക് ഉയർത്തിയതിൽ നന്ദി അറിയിച്ച് ഷെയ്ഖ് ഹംദാൻ
അബുദാബി: യുഎഇ സായുധ സേനയുടെ ലഫ്റ്റനന്‍റ് ജനറൽ പദവിയിലേക്കുയർത്തപ്പെട്ട യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ സ്വീകരിച്ചു. തന്നിലർപ്പിച്ച വിശ്വാസത്തിൽ ഷെയ്ഖ് ഹംദാൻ നന്ദി അറിയിച്ചു.
അബുദാബിയിലെ ഖസർ അൽ ശത്തിയിൽ നടന്ന യോഗത്തിൽ നിരവധി വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ, യുഎഇ ഉപ പ്രധാനമന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‌യാൻ, പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവരും പങ്കെടുത്തു.