യുഎഇ യിലെ വിദ്യാർഥികളുടെ ആരോഗ്യം: ആസ്റ്ററും ജെംസ് എജുക്കേഷനും തമ്മിൽ പങ്കാളിത്ത കരാർ
ദുബായ്: സുഗമമായ പഠനത്തിന് കുട്ടികൾക്ക് മികച്ച ആരോഗ്യവും, ക്ഷേമവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡിഎം ഹെൽത്ത് കെയറും ജെംസ് എജുക്കേഷനും പങ്കാളിത്തത്ത കരാറിലേർപ്പെട്ടു. ഇത് പ്രകാരം ജെംസ് എജുക്കേഷന് കീഴിലുള്ള യുഎഇയിലെ 45 സ്കൂളുകളിലെ അധ്യാപകർ, വിദ്യാർഥികൾ, ജീവനക്കാർ, കുടുംബങ്ങൾ എന്നിവർക്കിടയിൽ മികച്ച ആരോഗ്യം, സന്തോഷകരവും ആരോഗ്യകരവുമായ ജീവിതശൈലി എന്നിവയുടെ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള പരിപാടികൾ ആസ്റ്റർ അവതരിപ്പിക്കും.
അധ്യാപകർ ഉൾപ്പെടെ 25,000 ജീവനക്കാരും, 140,000 ലധികം വിദ്യാർഥികളും,110,000 ലധികം കുടുംബങ്ങളും ജെംസ് എജുക്കേഷന്‍റെ ശൃംഖലയിൽ ഉൾപ്പെടുന്നു. ആസ്റ്റർ ഹോസ്പിറ്റലുകൾ, ക്ലിനിക്കുകൾ, ഫാർമസികൾ, ഒപ്റ്റിക്കലുകൾ, മൈ ആസ്റ്റർ, മെഡ്കെയർ ഹോസ്പിറ്റലുകൾ, മെഡിക്കൽ സെന്‍ററുകൾ എന്നിവ ഉൾക്കൊള്ളുന്ന ആസ്റ്റർ ഡിഎം ഹെൽത്ത് കെയറിന്‍റെ സംയോജിത ആരോഗ്യ സംരക്ഷണ സംവിധാനം വിദ്യാർഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവനക്കാരുടെയും അധ്യാപകരുടെയും അനുബന്ധ സമൂഹങ്ങളുടെയും ആരോഗ്യ ക്ഷേമത്തെ ശക്തിപ്പെടുത്തും.
ചെറുപ്രായത്തിൽ തന്നെ സമഗ്രമായ ആരോഗ്യവും ക്ഷേമവും പരിപോഷിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത 12 മാസത്തെ ഈ ആരോഗ്യ-ക്ഷേമ പരിപാടി ആസ്റ്ററും, ജെംസും സംയുക്തമായി മുന്നോട്ടുകൊണ്ടുപോകും.