യുഎഇയിൽ താപനില ഉയരുന്നു; സ്വൈഹാനിൽ രേഖപ്പെടുത്തിയത് സീസണിലെ ഏറ്റവും ഉയർന്ന ചൂട്
അൽ ഐൻ: യുഎഇ യിൽ വേനൽക്കാലം തുടങ്ങിയതോടെ അന്തരീക്ഷ താപനില ഗണ്യമായി ഉയരുന്നു. അൽ ഐനിലെ സ്വൈഹാനിൽ ശനിയാഴ്ച ഉച്ച 1.45ന് രേഖപ്പെടുത്തിയ 51.6°C ഈ സീസണിലെ രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരം 5 മുതൽ രാത്രി 8 വരെ അൽ ഐൻ അടക്കമുള്ള കിഴക്കൻ പ്രദേശങ്ങളിൽ മേഘാവൃത കാലാവസ്ഥയായിരുന്നു. കാറ്റുണ്ടായിരുന്നതിനാൽ അന്തരീക്ഷത്തിൽ പൊടിപടലം നിറഞ്ഞു. മഴ പെയ്യുകയും ചെയ്തു.
തിങ്കളാഴ്ച പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. ഉച്ച കഴിഞ്ഞ് കിഴക്കൻ പ്രദേശം ഭാഗികമായി മേഘാവൃതമായിരിക്കും. തെക്ക്-പടിഞ്ഞാറ് മുതൽ വടക്ക്-പടിഞ്ഞാറ് ദിശയിൽ മണിക്കൂറിൽ 10 മുതൽ 20 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും. ഇത് പരമാവധി 35 കിലോ മീറ്റർ വരെ വേഗത കൈവരിക്കും. ചൂട് കനത്തതോടെ ഉച്ച കഴിഞ്ഞ് തുറസ്സായ ഇടങ്ങളിലെ യാത്രകൾ ഒഴിവാക്കാനും, നിര്ജ്ജലീകരണ സാധ്യതയുള്ളതിനാൽ ധാരാളം വെള്ളം കുടിക്കാനും അധികൃതർ നിർദേശിച്ചു.