’റെഡ് കാർപെറ്റ് - സ്മാർട്ട് കോറിഡോർ’ പദ്ധതിക്ക് സാങ്കേതിക പങ്കാളിത്തം
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രാ നടപടികൾ കൂടുതൽ വേഗത്തിലും തടസമില്ലാതെയും സാധ്യമാക്കുന്ന ‘റെഡ് കാർപെറ്റ് – സ്മാർട്ട് കോറിഡോർ’ പദ്ധതിയുടെ സാങ്കേതിക പങ്കാളിയായ എമറാടെകിനെ ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായ് ആദരിച്ചു.
യാത്രാ രേഖകൾ ഹാജരാക്കേണ്ടതില്ലാതെ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ച് സുതാര്യമായ യാത്രാനുഭവം നൽകുന്ന ഈ പദ്ധതി വിജയകരമായി നടപ്പാക്കുന്നതിൽ എമറാടെകിന്‍റെ നിർണായക പങ്ക് പരിഗണിച്ചാണ് ആദരം.
ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബൽ 2025 പ്രദർശന വേദിയിലായിരുന്നു ആദരണ ചടങ്ങ്. ജിഡിആർഎഫ്എ-ദുബായ് ഡയറക്റ്റർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി, എമറാടെക് ഡയറക്റ്റർ ജനറലും സിഇഒയുമായ താനി അൽ സഫീന് ഉപഹാരം കൈമാറി. ഡെപ്യൂട്ടി ഡയറക്റ്റർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
ദുബായിലെ സ്മാർട്ട് യാത്രാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ എമറാടെക് നൽകിയ നൂതന സാങ്കേതിക പിന്തുണ വലിയ പങ്കുവഹിച്ചതായി ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു.
“റെഡ് കാർപെറ്റ് പദ്ധതി, മനുഷ്യകേന്ദ്രിത സമീപനം ഉൾക്കൊള്ളുന്ന സർക്കാർ–സാങ്കേതിക സഹകരണത്തിന്‍റെ മികച്ച മാതൃകയാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.