റോഡ് സുരക്ഷ: സ്കൂൾ ബസ് ഡ്രൈവർമാർക്ക് ദുബായ് പൊലീസിന്‍റെ പരിശീലനം
ദുബായ്: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ദുബായിലെ സ്കൂൾ ബസ് ഡ്രൈവർമാർക്ക് ദുബായ് പൊലീസ് പരിശീലനം നൽകി. ഗാർഡിയൻ വൺ ഡ്രൈവിങ് സ്കൂളിൽ നടത്തിയ പ്രത്യേക റോഡ് സുരക്ഷ ശില്പശാലയിൽ 90ലധികം ഡ്രൈവർമാർ പങ്കെടുത്തു. ദുബായ് പൊലീസിന്‍റെ ട്രാഫിക് ബോധവത്കരണ വിഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്.
സ്കൂൾ പരിസരങ്ങളിൽ വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട മര്യാദകൾ, വിദ്യാർഥികൾ കയറുമ്പോഴും ഇറങ്ങുമ്പോഴും പാലിക്കേണ്ട നടപടിക്രമങ്ങൾ, സ്കൂൾ മേഖലകളിലെ വേഗ പരിധി, തുടങ്ങിയവ ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിലാണ് ക്ലാസെടുത്തത്.
കുട്ടികളുടെ സുരക്ഷയിൽ നേരിട്ട് ബന്ധമുള്ള വിഭാഗങ്ങൾ എന്ന നിലയിൽ സ്കൂൾ ബസ് ഡ്രൈവർമാർക്കിടയിൽ ട്രാഫിക് ബോധവത്കരണം ശക്തിപ്പെടുത്തുകയെന്നത് ഏറെ പ്രാധാന്യമുള്ളതാണെന്ന് ജനറൽ ഡിപ്പാർട്മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമ സലീം ബിൻ സുവൈദാൻ പറഞ്ഞു.