ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ഗതാഗത കുരുക്ക്; കർശന നടപടിയെന്ന് മന്ത്രാലയം
ദുബായ്: യു എ ഇ യിലെ പ്രധാന ദേശീയ പാതകളിൽ ഒന്നായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ട്രക്കുകൾ നിരന്തരം ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായി പരാതി. രൂക്ഷമായ ഗതാഗത തടസം മൂലം ഈ വർഷം ഇതുവരെ ആറ് പേർ മരിച്ചുവെന്നും 137 അപകടങ്ങൾ ഉണ്ടായെന്നുമാണ് കണക്ക്.
ഫെഡറൽ നാഷണൽ കൗൺസിൽ അംഗം മുഹമ്മദ് അൽ കഷ്ഫാണ് റോഡ് സുരക്ഷ, കാലതാമസം, ഗതാഗത കുരുക്കിൽ വാഹനമോടിക്കുന്നതിന്‍റെ സമ്മർദ്ദം എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ കൗൺസിൽ യോഗത്തിൽ ഉന്നയിച്ചത്.
ഉമ്മൽ ഖുവൈനിലെ അബുദാബി-അൽ ഐൻ എക്സിറ്റിന് സമീപമുള്ള മേഖലയിൽ ഉണ്ടാകുന്ന നിരന്തരമായ ഗതാഗത പ്രശ്നങ്ങൾ അദ്ദേഹം അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ അൽ മസ്രൂയിയുടെ ശ്രദ്ധയിൽ പെടുത്തി.
ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് സ്ഥിതിഗതികൾ പഠിച്ചുവെന്നും ഗതാഗതം നിയന്ത്രിക്കുന്നതിനും പ്രദേശത്തെ തിരക്ക് ലഘൂകരിക്കുന്നതിനും ‘യെല്ലോ ബോക്സ്’സംവിധാനം ഏർപ്പെടുത്തിയെന്നും മന്ത്രാലയം അറിയിച്ചു.
നിയമം നടപ്പാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ സഹകരണത്തിടെയുള്ള പ്രവർത്തനം തുടരും.
ഗതാഗത അവബോധ കാമ്പെയ്‌നുകൾ , നിയമലംഘകരെ പിടികൂടൽ, നിയമലംഘനത്തിന് പിഴ ഉൾപ്പെടെയുള്ള ശക്തമായ ശിക്ഷാ നടപടികൾ എന്നിവ സ്വീകരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.