'കൂടാരം 2025' ശനിയാഴ്ച അജ്മാനിൽ.
ഷാർജ: ഷാർജ സെന്‍റ് മൈക്കിൾസ് ദേവാലയത്തിലെ സിറോ മലബാർ സമൂഹത്തിന്‍റെ ഈ വർഷത്തെ വാർഷിക ആഘോഷങ്ങൾ 'കൂടാരം 2025' എന്ന പേരിൽ നവംബർ എട്ടിന് അജ്മാനിലെ തുമ്പെ മെഡിസിറ്റി ഗ്രൗണ്ടിൽ നടത്തും. 'കുടുംബവും വിശ്വാസവും ഒത്തുചേരുമ്പോൾ' (Embracing Divine Unity, Family & Faith Rejoice Together) എന്ന സന്ദേശമുയർത്തി നടക്കുന്ന പരിപാടിയിൽ കുടുംബ യൂണിറ്റുകളുടെ റാലിയും ആഘോഷ പരിപാടികളും അരങ്ങേറും.
വൈകിട്ട് നാലിന് പ്രവേശന കവാടങ്ങൾ തുറക്കുന്നതോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് കുട്ടികളുടെ വിവിധ മത്സരങ്ങൾ, വിശ്വാസ പ്രഘോഷണ റാലി, ചെണ്ടമേളവും ബാന്‍റ് വാദ്യവും ഉൾപ്പെടുന്ന കൊട്ടിക്കലാശം എന്നിവ നടക്കും.
പൊതുസമ്മേളനം ഇടവക വികാരി ഫാ. മുത്തു ഉദ്‌ഘാടനം ചെയ്യും. ഫാ. ജോൺ ജോസഫ് ഏടാട്ട് , ഫാ. ജോൺ തുണ്ടിയത്ത് തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിൽ സമുദായ സേവനം ചെയ്യുന്ന വോളന്‍റിയേഴ്‌സിനെ ആദരിക്കും.
ഈ വർഷത്തെ 'കൂടാരം 2025' ന്‍റെ പ്രധാന ആകർഷണം 100 ൽ പരം കുടുംബ യൂണിറ്റുകളിലെ അംഗങ്ങൾ പങ്കെടുക്കുന്ന വിശ്വാസ പ്രഘോഷണ റാലിയും പ്രശസ്ത പിന്നണി ഗായിക റിമി ടോമി അവതരിപ്പിക്കുന്ന സംഗീത വിരുന്നും ആണ്.
പരിപാടിയിലേക്ക് പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. സിറോ മലബാർ കമ്മ്യൂണിറ്റി കോർഡിനേറ്റർ സോജിൻ കെ. ജോൺ, അസിസ്റ്റന്‍റ് കോർഡിനേറ്റർ സിമി ഡെന്നിസ്, എസ്.എം.സി. അജ്‌മാൻ കോർഡിനേറ്റർ വർഗീസ് ബേബി, കൺവീനർമാരായ അലൻ ജോസ്, ഷെറി ജോസഫ് എന്നിവരാണ് സംഘാടക സമിതിക്ക് നേതൃത്വം നൽകുന്നത്.