റമദാനിൽ അവശ്യവസ്തുക്കളുടെ വില സ്ഥിരത തുടരുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം
ദുബായ്: റമദാനിൽ അവശ്യവസ്തുക്കളുടെ വില വർധിക്കില്ലെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. അന്യായമായി വില വർധിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കുന്നതിനുമുള്ള നിരീക്ഷണം തുടരുമെന്നും മന്ത്രാലയം അറിയിച്ചു. പാചക എണ്ണ, മുട്ട, പാലുൽപന്നങ്ങൾ, അരി, പഞ്ചസാര, ചിക്കൻ, പയറുവർഗങ്ങൾ, ബ്രഡ്, ഗോതമ്പ് എന്നിവ ഉൾപ്പെടെയുള്ള ഒമ്പത് അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വില വർധനക്കാണ് നിയന്ത്രണം.
പ്രതിദിന പരിശോധനയുമായി റമദാനിലുടനീളം പരിശോധന കാമ്പയിൻ തുടരുമെന്ന് സാമ്പത്തിക, ടൂറിസം മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർരി മാധ്യമങ്ങളോട് വിശദീകരിച്ചു. കഴിഞ്ഞ വർഷമാണ് അവശ്യവസ്തുക്കളുടെ ചെറുകിട വിൽപന വിലയുമായി ബന്ധപ്പെട്ട പുതിയ നയം മന്ത്രാലയം അവതരിപ്പിച്ചത്.
ഇതുപ്രകാരം അവശ്യവസ്തുക്കൾക്ക് തുടർച്ചയായി വിലവർധിപ്പിക്കുന്നതിന് ചുരുങ്ങിയത് ആറു മാസത്തെ ഇടവേള വേണം. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായിരുന്നു ഈ നിർദേശം.അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില മന്ത്രാലയം ദിവസേന വിശകലനം ചെയ്യുമെന്നും വില ഉയർന്നാൽ അത് പരിഹരിക്കുന്നതിന് ചില നടപടിക്രമങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അടിസ്ഥാന ഭക്ഷ്യവസ്തുക്കൾക്ക് അന്യായമായി വില വർധിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പറായ 8001222ൽ ജനങ്ങൾ പരാതി നൽകണം.