ഇറാൻ ആക്രമണത്തെ അപലപിച്ച് യുഎഇ - ബ്രിട്ടൺ സംയുക്ത പ്രസ്താവന
ദുബായ്: യുഎഇയ്ക്കും മറ്റ് ജിസിസി രാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന അതിക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ- ബ്രിട്ടൺ സംയുക്ത പ്രസ്താവന. യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഇവെറ്റ് കൂപ്പറും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും നിലപാട് വ്യക്തമാക്കിയത്. സാധാരണക്കാരെയും അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നീക്കങ്ങൾ രാജ്യാന്തര നിയമങ്ങളുടെയും ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങളുടെയും ലംഘനമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ഹോർമുസ് കടലിടുക്കിലൂടെയുള്ള രാജ്യാന്തര കപ്പൽ ഗതാഗതം തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങളെയും ഇരുരാജ്യങ്ങളും അപലപിച്ചു. സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാൻ ബ്രിട്ടനും ഫ്രാൻസും ചേർന്ന് നടത്തുന്ന നീക്കങ്ങൾക്ക് യുഎഇ പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഏപ്രിൽ ഒമ്പതിന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമറും തമ്മിൽ നടന്ന കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് വിദേശകാര്യ മന്ത്രിമാർ തമ്മിലുള്ള ചർച്ചകൾ നടന്നത്.
പ്രതിരോധം, വിദേശകാര്യം, നിക്ഷേപം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജ മേഖലയിലെ മാറ്റങ്ങൾ, നിയമ സഹകരണം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ പുതിയ കർമപദ്ധതിക്ക് രൂപം നൽകി. മേഖലയിലെ സംഘർഷങ്ങൾക്കിടയിൽ ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ യുഎഇ സ്വീകരിച്ച നടപടികൾക്ക് വിദേശകാര്യ സെക്രട്ടറി നന്ദി അറിയിച്ചു.
സുഡാനിൽ സാധാരണക്കാർക്കും മാനുഷിക സഹായം എത്തിക്കുന്നവർക്കും നേരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ച നേതാക്കൾ, എത്രയും വേഗം ഉപാധികളില്ലാത്ത വെടിനിർത്തൽ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. സുഡാന്റെ ഭാവി അവിടുത്തെ ജനങ്ങൾ തന്നെ തീരുമാനിക്കണമെന്നും സ്വതന്ത്രമായ സിവിൽ ഭരണകൂടം നിലവിൽ വരണമെന്നുമാണ് ഇരുരാജ്യങ്ങളുടെയും താല്പര്യം.