ദുബായ്: ആഗോള സാംസ്‌കാരിക സംരക്ഷണത്തിലും പുനർനിർമാണത്തിലും യുഎഇയുടെ പങ്ക് ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് യുനെസ്കോ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ അഭിപ്രായപ്പെട്ടു. ദുബായിൽ നടന്ന ലോക ഗവൺമെന്‍റ് ഉച്ചകോടിയിൽ സംസാരിക്കുമ്പോഴാണ് അവർ യുഎഇയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ചത്.
പൈതൃക പുനഃസ്ഥാപനം എങ്ങനെ വീണ്ടെടുക്കലിന് കാരണമാകുമെന്നതിന്‍റെ പ്രധാന ഉദാഹരണമായി യുഎഇയുടെ പ്രാഥമിക സാമ്പത്തിക പിന്തുണയോടെ 2018ൽ ആരംഭിച്ച 'മൊസൂളിന്‍റെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുക' ക്യാംപയിൻ അവർ ചൂണ്ടിക്കാട്ടി.
അൽ നൂരി പള്ളിയും അതിന്‍റെ അൽ ഹദ്ബ മിനാരവും ഔവർ ലേഡി ഓഫ് ദി ഔവർ കോൺവെന്‍റും അൽ തഹീറ പള്ളിയും അൽ അഗവത് പള്ളിയും പഴയ നഗരത്തിലെ അൽ ഇഖ്‌ലാസ് സ്‌കൂളും ഉൾപ്പെടെ മൊസൂളിലെ പ്രധാന ചരിത്ര സ്ഥലങ്ങൾ ഈ സംരംഭം മൂലം പുനഃസ്ഥാപിക്കാൻ സാധിച്ചു.
2024 അവസാനത്തോടെ 124 പൈതൃക ഭവനങ്ങളിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് തിരിച്ചു വരാൻ സാധിച്ചുവെന്നും അസോലെ കൂട്ടിച്ചേർത്തു. യുഎന്നിലും ജി20യിലും ആഗോള സാംസ്കാരിക സഹകരണത്തിലുള്ള യുഎഇയുടെ സജീവ പങ്കിനെ അസോലെ പ്രശംസിച്ചു.
2025 ഏപ്രിൽ 30ന് അബൂദബി യുനെസ്കോയുടെ അന്താരാഷ്ട്ര ജാസ് ദിനം സംഘടിപ്പിക്കുമെന്ന് അവർ പ്രഖ്യാപിച്ചു. സാംസ്കാരിക പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, സംഗീത ശിൽപശാലകൾ എന്നിവ പരിപാടിയിൽ ഉൾപ്പെടും. മേഖലയിലുടനീളമുള്ള വിദ്യാർഥികളെയും കലാകാരന്മാരെയും ഇതിൽ ഉൾപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.