ദുബായ് റസ്റ്ററന്‍റിന് സമീപം അപ്രതീക്ഷിത അതിഥി; വിസ്മയിപ്പിച്ച് ഭീമൻ തിമിംഗല സ്രാവ്
ദുബായ്: ജലാശയത്തിന്‍റെ ഭംഗി ആസ്വദിച്ച് ആഹാരം കഴിക്കാൻ ദുബായിലെ പ്രമുഖ വാട്ടർഫ്രണ്ട് റസ്റ്ററന്‍റിലെത്തിയവർക്ക് മുന്നിൽ 'ഉയർന്ന്' വന്നത് കടലിലെ അപൂർവ അതിഥിയായ ഭീമൻ തിമിംഗല സ്രാവ്.ജലാശയത്തിൽ പ്രത്യക്ഷപ്പെട്ട തിമിംഗല സ്രാവ് സന്ദർശകരെയും ജീവനക്കാരെയും ഒരേപോലെ അത്ഭുതപ്പെടുത്തി. റസ്റ്ററന്‍റിന് സമീപത്തെ തീരത്തോട് ചേർന്ന് ശാന്തമായി നീന്തിത്തുടിക്കുന്ന ഈ ഭീമൻ സ്രാവിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കണ്ടാൽ പേടി തോന്നുമെങ്കിലും മനുഷ്യർക്ക് യാതൊരുവിധ ഉപദ്രവവും ചെയ്യാത്ത ശാന്തപ്രകൃതക്കാരാണ് തിമിംഗല സ്രാവുകൾ എന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ടുതന്നെ ആശങ്കപ്പെടേണ്ട സാഹചര്യവുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഉൾക്കടലിൽ നിന്ന് വഴിതെറ്റിയാകാം ഇത് നഗരത്തിലെ ജലാശയത്തിലേക്ക് എത്തിയത് എന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ അവയെ ഭയപ്പെടുത്തരുത് എന്നും സ്വഭാവികമായി തന്നെ അവ ഉൾക്കടലിലേക്കുള്ള വഴി കണ്ടെത്തി മടങ്ങുമെന്നുമാണ് പരിസ്ഥിതി വിദഗ്ദ്ധർ പറയുന്നത്.
ഇതിന് മുൻപും തിമിംഗല സ്രാവുകൾ യു എ ഇയുടെ തീരജലാശയങ്ങളിൽ വിരുന്നെത്തിയിട്ടുണ്ട്.