എൽദോസ്
ലണ്ടൻ: മണീട് സ്വദേശിയായ മെയിൽ നഴ്സ് യുകെയിൽ ദുരൂഹ സാഹചര്യത്തിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ചതായി വിവരം. മണീട് ഗവ. എൽപി സ്കൂളിനു സമീപം കുന്നത്തു കളപ്പുരയിൽ ജോണിന്‍റെയും മോളിയുടെയും മകൻ എൽദോസാണ് (34) ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്.
ഇംഗ്ലണ്ടിലെ ബെയിങ് സ്റ്റോക്കിലാണ് സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് എൽദോസ് നാളുകളായി പൊലീസ് കസ്റ്റഡിയിലായിരുന്നു. നഴ്സായ ഭാര്യയുടെ പരാതിയിലാണ് എൽദോസിനെ പൊലീസ് കൂട്ടിക്കൊണ്ടു പോയത്. ഇതിനിടെ എൽദോസിന്‍റെ യുകെയിലുള്ള മാതൃ സഹോദര ഭാര്യ സ്മിതയും മകനും സ്റ്റേഷനിലെത്തി കണ്ടിരുന്നു. ഫോണും എടിഎം കാർഡും എൽദോസ് ഇവർക്കു കൈമാറി. പിന്നാലെ ഇരുവരും പിറവത്തേക്കു മടങ്ങി.
ഇതിനു ശേഷം ബർമിങ്ഹാമിലെ സ്മിതയും മകനും താമസിക്കുന്ന വീട്ടിൽ പൊലീസ് അന്വേഷിച്ച് എത്തിയിരുന്നതായും പറയപ്പെടുന്നു. കഴിഞ്ഞ 27 ന് വൈകിട്ട് നാട്ടിലെ ഫോണിൽ വിളിച്ച് എൽദോസ് മരിച്ചതായി അറിയിക്കുകയായിരുന്നു.