വാഷിങ്ടൺ ഡിസി: യുഎസിൽ ജനിക്കുന്ന എല്ലാ കുട്ടികൾക്കും യുഎസ് പൗരത്വം ലഭിക്കുന്ന നിയമം റദ്ദാക്കാനുള്ള ഉത്തരവിൽ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു കഴിഞ്ഞു. ഇതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ അടക്കം ചർച്ചകളും സജീവമാണ്.
ട്രംപിന്‍റെ ഉത്തരവ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസിന്‍റെ ഭാര്യ ഉഷയുടെ യുഎസ് പൗരത്വം നഷ്ടപ്പെടാൻ ഇടയാക്കുമെന്നാണ് ഇത്തരത്തിൽ ഉയരുന്ന വാദങ്ങളിലൊന്ന്. ആന്ധ്ര പ്രദേശിൽ നിന്ന് യുഎസിലേക്കു കുടിയേറിയ ഇന്ത്യൻ ഹിന്ദു ദമ്പതികളുടെ മകളാണ് വാൻസിന്‍റെ ഭാര്യ ഉഷ ചിലുകുരി വാൻസ്.
ഉഷ ജനിക്കുന്ന സമയത്ത് അച്ഛനും അമ്മയ്ക്കും യുഎസ് പൗരത്വം ഉണ്ടായിരുന്നില്ല. മാതാപിതാക്കളിൽ ഒരാൾക്കെങ്കിലും യുഎസ് പൗരത്വമില്ലെങ്കിൽ അവരുടെ മക്കൾ യുഎസിൽ ജനിച്ചാലും പൗരത്വം നൽകാൻ സാധിക്കില്ലെന്ന രീതിയിൽ നിയമ ഭേദഗതി നടപ്പാക്കാനാണ് ട്രംപ് ഉദ്ദേശിക്കുന്നത്.
അതേസമയം, ട്രംപിന്‍റെ ഭേദഗതിക്ക് മുൻകാല പ്രാബല്യം ഇല്ലാത്ത സാഹചര്യത്തിൽ ഉഷയുടെ പൗരത്വത്തിന് ഭീഷണിയൊന്നുമില്ല എന്നതാണ് യാഥാർഥ്യം. പക്ഷേ, ഈ ഭേദഗതിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ കുടിയേറ്റ സമൂഹത്തിനു ബോധ്യപ്പെടാൻ ഉഷയെ ബന്ധിപ്പിച്ചുള്ള ട്രോളുകൾക്കു സാധിക്കുന്നുണ്ട്.
ട്രംപ് ഒപ്പുവച്ച് 30 ദിവസമാകുമ്പോൾ മാത്രമായിരിക്കും പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നത്. അതായത് 2025 ഫെബ്രുവരി 18 വരെ പഴയ നിയമം തന്നെയായിരിക്കും പിന്തുടരുക. മാത്രമല്ല, ട്രംപിന്‍റെ എക്സിക്യൂട്ടിവ് ഉത്തരവ് ഇതിനകം യുഎസിലെ വിവിധ കോടതികളിൽ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു.