പമ്പയിലും സന്നിധാനത്തും മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴ പ്രവചിച്ച് കാലാവസ്ഥാ വകുപ്പ്. 24 മണിക്കൂറിൽ 7-11 സെന്‍റീമീറ്റർ മഴ വരെയാണ് പ്രവചിച്ചിരിക്കുന്നത്. മിതമായതോ ശക്തമായതോടെ ആയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. ആകാശം മേഘാവൃതമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഡിസംബർ അഞ്ച് വരെയാണ് പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ മഴ പ്രവചിച്ചിരിക്കുന്നത്.
വ്യാഴാഴ്ച തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴയും ഇടിമിന്നലുമാണ് പ്രവചിച്ചിരിക്കുന്നത്.