ശബരിമലയിൽ തിരക്ക്; ഉദ്യോഗസ്ഥ യോഗം വിളിക്കാൻ അനുമതി തേടി സർക്കാർ, തള്ളി ഇലക്ഷൻ കമ്മിഷൻ
file image
തിരുവനന്തപുരം: ശബരിമലയിലെ ദിവസേനയുള്ള കാര്യങ്ങൾ വിലയിരുത്താൻ ഉദ്യോഗസ്ഥ യോഗം വിളിക്കണമെന്ന ആവശ്യം തള്ളി തെരഞ്ഞെടുപ്പു കമ്മിഷൻ. ശബരിമലയിൽ തീർഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ ദേവസ്വം മന്ത്രിയാണ് തെരഞ്ഞെടുപ്പു കമ്മിഷന് കത്ത് നൽകിയിരുന്നത്. ഉദ്യോഗസ്ഥരുടെ യോഗവും വാർത്താസമ്മേളനവും നടത്താൻ അനുമതി ആവശ്യപ്പെട്ടു കൊണ്ടായിരുന്നു കത്ത് നൽകിയത്. എന്നാൽ പെരുമാറ്റച്ചട്ടം നില നിൽക്കേ ഇതിനു സാധിക്കില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി.
വാർത്താസമ്മേളനത്തിനു പകരം വാർത്താക്കുറിപ്പ് നൽകാനും കമ്മിഷൻ നിർദേശിച്ചു. ശബരിമല തീർഥാടനം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു വിധത്തിലും ഉപയോഗിക്കാതിരിക്കുന്നതിനായാണ് കമ്മിഷന്‍റെ നടപടി.
പെരുമാറ്റച്ചട്ടം നില നിൽക്കുന്നതിനാൽ ശബരിമലയിൽ അനുഭവപ്പെടുന്ന തിരക്കിനെക്കുറിച്ചും മുന്നൊരുക്കങ്ങളെക്കുറിച്ചുംവിശദീകരണം നൽകാൻ തനിക്ക് സാധിക്കില്ലെന്നും ദേവസ്വം മന്ത്രി വി.എൻ.വാസവൻ വ്യക്തമാക്കി.