പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് തത്സമയ കാലാവസ്ഥാ അറിയിപ്പുകൾ സ്വാമി ചാറ്റ് ബോട്ട് വഴി എളുപ്പത്തിൽ ലഭ്യമാക്കുമെന്ന് ജില്ലാ കലക്റ്റർ. സ്വാമി ചാറ്റ്‌ബോട്ട് ഉപയോഗിക്കുന്നതിനായി, വാട്ട്‌സ്ആപ്പിൽ 6238008000 എന്ന നമ്പറിലേക്ക് "Hi" എന്ന് അയക്കുക. ശബരിമലയിലേയും പരിസര പ്രദേശങ്ങളിലേയും കൃത്യമായ കാലാവസ്ഥാ വിവരങ്ങൾ ചാറ്റ്ബോട്ട് വഴി ലഭിക്കും. ഭക്തരുടെ ക്ഷേമത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു ചുവടുവെപ്പാണ് ഈ സംരംഭം.
ദിവസവും ആയിരക്കണക്കിന് തീർത്ഥാടകരാണ് അയ്യപ്പന്‍റെ അനുഗ്രഹം തേടി ശബരിമലയിലെത്തുന്നത്. ഈ സീസണിൽ പ്രവചനാതീതമായ കനത്ത മഴ ലഭിക്കുന്നതിനാൽ ശബരിമലയിലെയും പരിസരങ്ങളിലെയും കാലാവസ്ഥ അറിയുന്നത് അവരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും നിർണായകമാണ്.
തീർത്ഥാടകർക്ക് മികച്ച രീതിയിൽ യാത്ര ആസൂത്രണം ചെയ്യാൻ സഹായിക്കുന്നതിനായി, IMD കാലാവസ്ഥാ പ്രവചനങ്ങൾ നേരിട്ട് സ്വാമി ചാറ്റ്ബോട്ടിൽ അവതരിപ്പിക്കുന്നുവെന്ന് കലക്റ്റർ ഫെയ്സ്ബുക്കിൽ കുറിച്ചു.