തകർന്ന കെട്ടിടത്തിനടിയിൽ 11 ദിവസം; നേപ്പാൾ പ്രളയത്തിൽ കാണാതായ രണ്ട് പേരെ കൂടി രക്ഷപെടുത്തി
കാഠ്മണ്ഡു: പതിനൊന്നു ദിവസം നീണ്ട തെരച്ചിലിനു ശേഷം പ്രളയത്തിൽ കാണാതായ രണ്ടു പേരെ കൂടി ജീവിതത്തിലേക്ക് കൈ പിടിച്ചുയർത്തി നേപ്പാളിലെ രക്ഷാപ്രവർത്തകർ. ഇതോടെ രണ്ടു ദിവസത്തിനിടെ നാലു പേർക്കാണ് പുതുജീവൻ ലഭിച്ചത്. നുവാകോട് നഗരത്തിലെ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 64 വയസുള്ള ചാന്ദിക ശ്രേഷ്ഠയെയാണ് പരുക്കുകളോടെ രക്ഷപെടുത്തിയത്.
തൃശൂലി പദ്ധതി പ്രദേശത്തെ ടണലിൽ കുടുങ്ങി ലൂഹായ്താവോ എന്ന ചൈനീസ് പൗരനെയും രക്ഷപെടുത്തി.
ഇരുവരെയും എയർ ലിഫ്റ്റ് ചെയ്ത് കാഠ്മണ്ഡുവിൽ എത്തിച്ച് ചികിത്സ ലഭ്യമാക്കി. ഓഗസ്റ്റ് 26നാണ് നേപ്പാളിൽ മിന്നൽ പ്രളയം ദുരിതം വിതച്ചത്.
നേപ്പാളിലെ 12 ജലവൈദ്യുത പദ്ധതി മേഖലകളിലായി ജോലി ചെയ്തിരുന്ന 900 തൊഴിലാളികളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സംഘങ്ങളും തെരച്ചിലിൽ പങ്കാളികളാണ്.