ആറ് മാസത്തിനിടെ 180 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി
റിയാദ്: ആറു മാസത്തിനിടെ 186 പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. മാരകമല്ലാത്ത ലഹരി മരുന്നു കടത്തിയവർ പോലും ഈ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. വധശിക്ഷയുടെ എണ്ണം കുറയ്ക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഉറപ്പു നൽകിയിരുന്നെങ്കിലും ഇത്തവണയും സൗദിയിലെ വധശിക്ഷയുടെ നിരക്ക് കൂടിയിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 8 പേരുടെ വധശിക്ഷയാണ് ഏറ്റവും ഒടുവിൽ നടപ്പിലാക്കിയത്. അതിൽ നാല് പേർ സോമാലിയക്കാരും 3 പേർ എത്യോപ്യൻ സ്വദേശികളുമാണ്. രാജ്യത്തേക്ക് ഹാഷിഷ് കടത്തിയെന്ന കുറ്റത്തിനാണ് ഇവർ വധശിക്ഷ നൽകിയത്.
2014 മുതൽ 2025 വരെയുള്ള കണക്കെടുത്താൻ 1816 പേരെയാണ് സൗദി വധിച്ചിരിക്കുന്നത്. ഇതിൽ 597 പേരും വധിക്കപ്പെട്ടത് ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിലാണ്. കഴിഞ്ഞ വർഷം മാത്രം 345 പേരെ വധിച്ചു. 30 വർഷത്തെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ വധശിക്ഷ നടന്ന വർഷമാണ് 2024 എന്ന് നിരീക്ഷകർ പറയുന്നു. ഈ വർഷം ജൂണിൽ മാത്രം 46 പേരെ വധിച്ചു. ഇതിൽ 37 പേരും ശിക്ഷിക്കപ്പെട്ടത് ലഹരിക്കടത്തു കേസിലാണ്. വിദേശികളും ഇക്കൂട്ടത്തിൽ ധാരാളമായിഇടം പിടിക്കുന്നുണ്ട്.
സാമ്പത്തിക ഭദ്രത ഇല്ലാത്ത വിദേശികൾക്ക് പലപ്പോഴും ശരിയായ രീതിയിലുള്ള നിയമസഹായം പോലും ലഭിക്കാറില്ല. കഴിഞ്ഞ 10 വർഷത്തിനിടെ 155 പാക്കിസ്ഥാനികളെയാണ് സൗദി വധിച്ചത്. ലഹരിക്കെതിരേയുള്ള യുദ്ധം എന്നാണ് വധശിക്ഷകളെ സൗദി ന്യായീകരിക്കാറുള്ളത്.