പാക്ക് പ്രധാനമന്ത്രിയുടെ യുഎന്‍ പ്രസംഗത്തിന് ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗെഹ് ലോട്ടിന്‍റെ ചുട്ട മറുപടി
പകല്‍ സുരക്ഷയെക്കുറിച്ച് സംസാരിക്കുകയും രാത്രി ഭീകരവാദം നടത്തുകയും ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാനെന്നും പെറ്റല്‍ ഗെഹ് ലോട്ട്
ന്യൂഡൽഹി: പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎൻ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. 9/11 ആക്രമണത്തിന്‍റെ സൂത്രധാരന്‍ ഒസാമ ബിന്‍ ലാദന്‍ പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കാര്യം എടുത്തു പറഞ്ഞ ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗെഹ് ലോട്ട്, ഭീകരവാദത്തെ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്നുവെന്ന രൂക്ഷമായ വിമര്‍ശനവും ഉന്നയിച്ചു. പകല്‍ സുരക്ഷയെക്കുറിച്ച് സംസാരിക്കുകയും രാത്രി ഭീകരവാദം നടത്തുകയും ചെയ്യുന്ന രാജ്യമാണ് പാക്കിസ്ഥാനെന്നും അവര്‍ ആരോപിച്ചു.
2025ലെ ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സമയോചിതമായ ഇടപെടല്‍’ നിര്‍ണായകമായിരുന്നുവെന്ന് ഷഹബാസ് ഷെരീഫ് വെള്ളിയാഴ്ച യുഎന്‍ പൊതുസഭയില്‍ പറഞ്ഞിരുന്നു. പ്രസംഗത്തില്‍ കശ്മീര്‍ വിഷയവും അദ്ദേഹം വീണ്ടും ഉന്നയിച്ചു. ഇതിന് മറുപടിയായാണ് ഇന്ത്യ ഭീകരവാദത്തിനെതിരായ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഉപയോഗിക്കുമെന്ന് വ്യക്തമാക്കിയത്.
‘ഭീകരര്‍ക്ക് എവിടെയും ഒളിക്കാനോ രക്ഷപ്പെടാനോ കഴിയില്ലെന്ന് കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ തെളിയിച്ചു. പാക്കിസ്ഥാനില്‍ നിന്നുള്ള തുടര്‍ച്ചയായ ഭീകരവാദത്തിന് പ്രത്യാഘാതങ്ങളുണ്ടാകും ' ഗെഹ് ലോട്ട് കൂട്ടിച്ചേര്‍ത്തു.
2025 ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ മേയ് ഏഴിനാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടുവെന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന നിലപാടാണ് ഇന്ത്യ തുടര്‍ച്ചയായി സ്വീകരിച്ചുവരുന്നത്. പാക്കിസ്ഥാന്‍റെ നയങ്ങളെ പ്രതിനിധികള്‍ അവതരിപ്പിക്കുന്ന രീതിയിലല്ല, അവയുടെ യഥാര്‍ഥ സ്വഭാവത്തില്‍ തന്നെ യുഎന്‍ തിരിച്ചറിയണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
കശ്മീര്‍ വിഷയത്തില്‍ നീതിപൂര്‍വമായ പരിഹാരം വേണമെന്ന ഷെരീഫിന്‍റെ പരാമര്‍ശത്തിനും ഇന്ത്യ മറുപടി നല്‍കി. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും വേര്‍പെടുത്താനാകാത്തതുമായ ഭാഗമാണെന്നു ഗെഹ് ലോട്ട് വ്യക്തമാക്കി.
പാക് അധീന കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളിലേക്കും അവര്‍ ശ്രദ്ധ ക്ഷണിച്ചു. റാവല്‍കോട്ടിലെ ജനങ്ങളോട് പാക്കിസ്ഥാന്‍ സര്‍ക്കാരിന്‍റെ നടപടികളെക്കുറിച്ച് ചോദിക്കണമെന്നും അവര്‍ പറഞ്ഞു. ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളെയും കുറിച്ച് പാക്കിസ്ഥാന്‍ നടത്തുന്ന പ്രസംഗങ്ങളെ വിമര്‍ശിച്ച ഇന്ത്യ, രാജ്യത്ത് സൈന്യത്തിനാണ് നിര്‍ണായക അധികാരമെന്നും ആരോപിച്ചു.