റഷ്യയെ ഒഴിവാക്കി ഇന്ത്യ അമെരിക്കൻ ക്രൂഡ് ഓയിൽ വാങ്ങണം: ഇന്ത്യയിലെ അടുത്ത യുഎസ് അംബാസിഡറായി നിയുക്തനായ സെർജിയോ ഗോർ
getty images
ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തി അമെരിക്കൻ ക്രൂഡ് ഓയിലിനും പെട്രോളിയം ഉൽപന്നങ്ങൾക്കും വിപണി തുറക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെ അടുത്ത യുഎസ് അംബാസിഡറായി നിയുക്തനായ സെർജിയോ ഗോർ ആണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ നിലപാട് വ്യക്തമാക്കിയത്. ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപന്നങ്ങൾ, എൽഎൻജി എന്നിവയ്ക്കായി ഇന്ത്യൻ വിപണിയിൽ പ്രവേശനം ലഭിക്കാൻ യുഎസ് ലക്ഷ്യമിടുന്നതായി ഗോർ പറഞ്ഞു.
നിലവിലെ വ്യാപാര ചർച്ചകളിലൂടെ ഇന്ത്യയെ റഷ്യൻ എണ്ണയിൽ നിന്ന് അകറ്റി അമെരിക്കൻ ഉൽപന്നങ്ങൾക്ക് അവസരമൊരുക്കാനാണ് യുഎസ് ശ്രമിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെക്കാൾ ഊഷ്മളമായ ഒരു ബന്ധം ഇന്ത്യയുമായി സ്ഥാപിക്കാൻ യുഎസ് ശ്രമിക്കുന്നുണ്ടെന്ന് ഗോർ സൂചിപ്പിച്ചു. ഇന്ത്യയെ ചൈനയുടെ സ്വാധീനത്തിൽ നിന്നകറ്റി യുഎസിന്‍റെ പക്ഷത്തേയ്ക്കു കൊണ്ടു വരിക എന്നത് ഒരു പ്രധാന മുൻഗണനയാണെന്നും ഗോർ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപിനു ഗാഢമായ സൗഹൃദമുണ്ടെന്നും വ്യാപാര വിഷയങ്ങളിൽ ഇന്ത്യയെ വിമർശിക്കുമ്പോഴും മോദിയെ ട്രംപ് പ്രത്യേകം അഭിനന്ദിക്കാറുണ്ടെന്നും ഗോർ അവകാശപ്പെട്ടു. ഈ സൗഹൃദവും വ്യാപാര ചർച്ചകളുംഉപയോഗിച്ച് ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ ശക്തമാക്കാനും റഷ്യ-ചൈന സഖ്യത്തിൽ നിന്ന് ഇന്ത്യയെ കൂടുതൽ അകറ്റാനുമാണ് യുഎസിന്‍റെ ശ്രമം.