2026 ഫെബ്രുവരി 1 ന് ടെഹ്‌റാനിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി

 

KHAMENEI.IR / AFP

World

ഇറാനെ യുഎസ് ആക്രമിച്ചാൽ പശ്ചിമേഷ്യയിൽ യുദ്ധം: ഖമെയ്നി

ട്രംപ് ആക്രമണങ്ങൾക്ക് ഉത്തരവിട്ടാൽ, ഇറാൻ ഇസ്രായേലിനെയും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സ്വത്തുക്കളെയും ലക്ഷ്യമിടുന്നുണ്ടെന്ന് ടെഹ്‌റാൻ

Reena Varghese

ടെഹ്റാൻ: യുഎസ് ഇറാനെ ആക്രമിച്ചാൽ ശത്രുത ഒരു പ്രാദേശിക സംഘർഷമായി മാറുമെന്ന് മുന്നറിയിപ്പു നൽകി ആയത്തുള്ള അലി ഖമെയ്നി. മുമ്പെന്നത്തെക്കാളും ശക്തമായ ഭാഷയിലാണ് ഖമെയ്നിയുടെ ഭീഷണി എന്നത് ശ്രദ്ധേയമാണ്. ട്രംപ് ആക്രമണങ്ങൾക്ക് ഉത്തരവിട്ടാൽ, ഇറാൻ ഇസ്രായേലിനെയും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക സ്വത്തുക്കളെയും ലക്ഷ്യമിടുന്നുണ്ടെന്ന് ടെഹ്‌റാൻ മുന്നറിയിപ്പ് നൽകി.

ആണവ കരാറിന് സമ്മതിക്കുകയോ പ്രതിഷേധക്കാരെ കൊല്ലുന്നത് നിർത്തുകയോ ചെയ്തില്ലെങ്കിൽ ഇറാനിൽ ഇടപെടൽ നടത്തുമെന്ന് യുഎസ് പ്രസിഡന്‍റ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് ഇറാൻ പരമോന്നത നേതാവിന്‍റെ മുമ്പെങ്ങുമില്ലാത്ത വിധം ഗൗരവതരമായ ഭീഷണി.

ഐആർജിസി യൂണിഫോം ധരിച്ച ഇറാൻ പാർലമെന്റ് അംഗങ്ങൾ 'അമേരിക്കയ്ക്ക് മരണം, ഇസ്രായേലിന് മരണം' എന്ന് മുദ്രാവാക്യം മുഴക്കുന്നു

ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഇറാൻ പാർലമെന്‍റംഗങ്ങൾ ടെഹ്റാനിൽ നടന്ന ഒരു സെഷനിൽ അമെരിക്കയ്ക്ക് മരണം, ഇസ്രയേലിനു മരണം എന്ന് മുദ്രാവാക്യവുമായി രംഗത്തെത്തി. 1979-ൽ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിച്ച പരേതനായ ആയത്തുള്ള റുഹുള്ള ഖൊമേനിയുടെ പ്രവാസത്തിൽ നിന്നുള്ള തിരിച്ചുവരവിന്‍റെ 47-ാം വാർഷികത്തോടനുബന്ധിച്ചു നടന്ന സെഷനിലായിരുന്നു അത്.

പശ്ചിമേഷ്യയിൽ യുഎസ് തങ്ങളുടെ നാവിക സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്.1979ൽ ഇറാനിൽ ഇസ്ലാമിക് റിപ്പബ്ലിക് സ്ഥാപിതമായതിനു ശേഷം ഉണ്ടായ ഏറ്റവും രൂക്ഷമായ രാഷ്ട്രീയ വെല്ലുവിളിയായി മാറിയ പ്രതിഷേധങ്ങളാണ് ഇക്കഴിഞ്ഞ നാളുകളിൽ ഉണ്ടായത്. ഇറാൻ ഭരണകൂടത്തിന്‍റെ അതിക്രൂരമായ അടിച്ചമർത്തലോടെ ഇപ്പോൾ അത് ശമിച്ചിരിക്കുകയാണ്.

തങ്ങൾ ആക്രമണം തുടങ്ങുകയില്ലെന്നും എന്നാൽ തങ്ങളെ ആക്രമിച്ചാൽ ഇറാനിയൻ രാഷ്ട്രം ശക്തമായ പ്രഹരം ഏൽപ്പിക്കുമെന്നുമാണ് ഖമെയ്നി ശക്തമായ ഭാഷയിൽ ഭീഷണിപ്പെടുത്തിയത്. ഇറാൻ വാഷിങ്ടണുമായി ഗൗരവമായി സംസാരിക്കുന്നു എന്നാണ് കഴിഞ്ഞ ശനിയാഴ്ച ട്രംപ് പറഞ്ഞത്. നയതന്ത്രപരമായ പരിഹാരം ഇപ്പോഴും പരിഗണനയിലുണ്ടെന്നും പ്രതിരോധശേഷി കുറയ്ക്കാൻ ശ്രമിക്കാത്ത “ന്യായമായ” ചർച്ചകൾക്ക് തങ്ങൾ തയാറാണെന്നും ടെഹ്റാൻ പറഞ്ഞു.

ഇറാനിലെ സമീപകാല സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെ അട്ടിമറിയാണെന്നാണ് ഖമെയ്നി വിശേഷിപ്പിച്ചത്. ഇറാനിയൻ പ്രതിഷേധക്കാർ പൊലീസിനെയും സർക്കാർ കേന്ദ്രങ്ങളെയും ഐആർജിസി കേന്ദ്രങ്ങളെയും ബാങ്കുകളെയും മസ്ജിദുകളെയും ആക്രമിച്ചതായും ഖുറാൻ കത്തിച്ചതായും ഖമെയ്നി പറഞ്ഞു. അതിനാൽ തന്നെ ഇറാനിയൻ പ്രക്ഷോഭകർ നടത്തിയത് ഒരു അട്ടിമറിയായിരുന്നു എന്നും ഖമെയ്നി കൂട്ടിച്ചേർത്തു.

യുഎസ്എ ചില്ലറക്കാരല്ല, എന്തൊരു അടി; നെതർലൻഡ്സിന് കൂറ്റൻ വിജയലക്ഷ‍്യം

രൺവീർ സിങ്ങിനും രോഹിത് ഷെട്ടിക്കും ബിഷ്ണോയി സംഘത്തിൽ നിന്നും വധഭീഷണി

പുതുജീവനേകുന്ന കുഞ്ഞുമാലാഖയായി 'ആലിൻ'; പത്തു മാസം പ്രായമുള്ള അവയവദാതാവ്

ബംഗ്ലാദേശ് നാഷണിലിസ്റ്റ് പാർട്ടിയുടെ വിജയത്തിൽ താരിഖ് റഹ്മാനെ അഭിനന്ദിച്ച് മോദി

ശബരിമല സ്വർണക്കൊള്ള: സ്വർണപ്പാളികളിൽ നിന്നും സാംപിളുകൾ ശേഖരിക്കുന്നത് പൂർത്തിയായി