ഡോണൾഡ് ട്രംപ്
File photo
ടെക്സസ്: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കെതിരേ 500 ശതമാനം തീരുവ ഏർപ്പെടുത്താൻ ഒരുങ്ങി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് . ഇതു സംബന്ധിച്ച ബില്ലിന് അംഗീകാരം നൽകി. പുതിയ ബിൽ പ്രകാരം റഷ്യയിൽ നിന്ന് യുറേനിയം അല്ലെങ്കിൽ എണ്ണ, അല്ലെങ്കിൽ മറ്റേതെങ്കിലും വസ്തുക്കൾ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്കു മേലാണ് 500 ശതമാനം തീരുവ പ്രഖ്യാപിക്കുക. ഇന്ത്യ, ചൈന, ബ്രസീൽ എന്നീ രാജ്യങ്ങളെ പുതിയ ബിൽ ബാധിക്കും. റഷ്യ യുക്രെയ്നിനെതിരേ നടത്തുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാനെന്ന പേരിലാണ് പുതിയ ബിൽ.
ഇതു വഴി റഷ്യയുടെ സാമ്പത്തിക അടിത്തറ തകർക്കാനാണ് യുഎസ് ശ്രമം. മാസങ്ങളോളമായി ബില്ലിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിലായിരുന്നുവെന്നും ബുധനാഴ്ച ട്രംപ് ബില്ലിന് പച്ചക്കൊടി കാണിച്ചുവെന്നും റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്സി ഗ്രഹാം വ്യക്തമാക്കി.
ഗ്രഹാമും ഡെമോക്രാറ്റിക് സെനറ്റർ റിച്ചാർഡ് ബ്ലൂമെന്തലും ചേർന്നാണ് ബിൽ തയാറാക്കിയിരിക്കുന്നത്. അടുത്ത ആഴ്ച ഈ ബില്ലിൽ വോട്ടെടുപ്പ് നടത്തും. എന്നാൽ ഏതു രീതിയിലുള്ള വോട്ടെടുപ്പാണെന്ന് വ്യക്തമല്ല. ചൈനയും ഇന്ത്യയുമാണ് റഷ്യയിൽ നിന്ന് വൻതോതിൽ എണ്ണ വാങ്ങുന്നത്.