താലയിൽ ഇന്ത്യക്കാരനെ വംശീയമായി ആക്രമിച്ച കേസിൽ രണ്ടു പേരെ ഗാർഡ അറസ്റ്റ് ചെയ്തു
file photo
ഡബ്ലിൻ: കഴിഞ്ഞ ജൂലൈയിൽ താലയിൽ ഇന്ത്യക്കാരനെ വംശീയമായി ആക്രമിച്ച കേസിൽ രണ്ടു പേരെ ഗാർഡ അറസ്റ്റ് ചെയ്തു. ഒരു 30 വയസുകാരനെയും കൗമാരക്കാരനെയുമാണ് അറസ്റ്റ് ചെയ്തത്. ഇവർ കസ്റ്റഡിയിലാണ്. ജൂലൈ 19 ന് ഡബ്ലിൻ 24 ലെ കിൽനാമനാഗിലെ പാർക്ക് ഹിൽ ലോൺസിൽ 40കാരനെ ആക്രമിച്ച സംഭവത്തിലാണ് ഇവരെ സൗത്ത് ഡബ്ലിൻ ഗാർഡ പിടികൂടിയത്. വിവസ്ത്രനാക്കിയായിരുന്നു ക്രൂരമായ ആക്രമണം. ഈ സംഭവം ഏറെ വിവാദമായിരുന്നു.
അതിക്രൂരമായ ‘ഈ വംശീയാക്രമണത്തിൽ പ്രതിഷേധിച്ച് ജൂലൈയിൽ ഡബ്ലിനിലെ സിറ്റി ഹാളിൽ നിന്നും ഡെയ് ലിലേയ്ക്ക് ജനക്കൂട്ടം മാർച്ച് നടത്തിയിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും ആക്രമണത്തെ അപലപിച്ച് രംഗത്തു വന്നിരുന്നു. വിവിധ കുടിയേറ്റ ഗ്രൂപ്പുകളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.മാസങ്ങൾക്കു ശേഷമുള്ള അന്വേഷണങ്ങൾക്കൊടുവിലാണ് ഗാർഡയ്ക്ക് കുറ്റവാളികളെ കണ്ടെത്താനായത്. സംഭവത്തെ കുറിച്ചുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്ന ഐറിഷ് യുവതി പറഞ്ഞതനുസരിച്ച് പത്തോളം പേർ സംഘം ചേർന്നാണ് ഇന്ത്യൻ യുവാവിനെ ആക്രമിച്ചത്.