യുക്രെയ്നെ ഇരുട്ടിലാക്കി റഷ്യൻ മിസൈലുകൾ
getty images
ഇസ്രയേൽ-ഗാസ യുദ്ധം അവസാനിച്ചതിന്‍റെ ആശ്വാസത്തിലാണ് ലോകം. എന്നാൽ മറുവശത്ത് യുക്രെയ്നിൽ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുകയാണ് റഷ്യ. വെള്ളിയാഴ്ച പുലർച്ചെയാണ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ റഷ്യ നടത്തിയത്. ആക്രമണത്തിൽ കീവിന്‍റെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
ബാലിസ്റ്റിക് മിസൈലുകൾ ആണ് റഷ്യ വർഷിച്ചത്. കീവിൽ കുറഞ്ഞത് ഒൻപതു പേർക്ക് പരിക്കേറ്റു. യുക്രെയ്നിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം റഷ്യയ്ക്ക് യുക്രെയ്നിന്‍റെ ഊർജ ഗ്രിഡിനെതിരായ തീവ്രമായ പ്രചരണത്തിന്‍റെ ഭാഗമാണെന്നാണ് കരുതപ്പെടുന്നത്.
ഈ ആക്രമണത്തിൽ കീവിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. മറ്റൊരു പ്രദേശമായ സപോരിജിയയുടെ തെക്കു കിഴക്കൻ പ്രദേശത്തും റഷ്യ ഏഴു ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഇതിൽ മൂന്നു പേർക്കു പരിക്കേറ്റു. ഈ അടുത്ത ആഴ്ചകളിലായി റഷ്യ യുക്രെയ്നിയൻ ഊർജ സൗകര്യങ്ങൾക്കും റെയിൽ സംവിധാനങ്ങൾക്കും നേരെ ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്.