ബലി പെരുന്നാളിനു മുന്നോടിയായി യുഎഇ തടവുകാരെ മോചിപ്പിക്കുന്നു.
Representative image
അബുദാബി: ബലിപെരുന്നാളിന് മുന്നോടിയായി രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 956 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിയുന്നവർക്കാണ് ഈ ജീവകാരുണ്യപരമായ നടപടിയിലൂടെ മോചനം ലഭിക്കുന്നത്.
പൊതുമാപ്പ് ലഭിച്ച തടവുകാരുടെ ശിക്ഷാവിധിയുടെ ഭാഗമായുള്ള സാമ്പത്തിക ബാധ്യതകളും പിഴകളും പ്രസിഡന്‍റ് തന്നെ നേരിട്ട് വീട്ടുമെന്നും യുഎഇ ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' റിപ്പോർട്ട് ചെയ്തു.
തടവുകാർക്ക് തങ്ങളുടെ തെറ്റുകൾ തിരുത്തി പുതിയൊരു ജീവിതം ആരംഭിക്കാനും പെരുന്നാൾ ദിനങ്ങളിൽ കുടുംബത്തോടൊപ്പം ചേരാനും ഈ തീരുമാനം അവസരമൊരുക്കും. സമൂഹത്തിൽ കാരുണ്യവും ഐക്യദാർഢ്യവും വളർത്തുന്നതിനൊപ്പം കുടുംബങ്ങളുടെ സ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് യുഎഇ പ്രസിഡന്‍റ് ഈ മാനുഷിക സമീപനം സ്വീകരിച്ചിരിക്കുന്നത്.
പ്രസിഡന്‍റിന്‍റെ ഉത്തരവിന് പിന്നാലെ മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികളും തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 227 തടവുകാരെയും, അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 230 തടവുകാരെയും മോചിപ്പിക്കാൻ ഉത്തരവിട്ടു. ജയിലുകളിൽ മികച്ച സ്വഭാവവും പെരുമാറ്റവും കാഴ്ചവെച്ചവരാണ് മോചനത്തിന് അർഹരായത്.