കപ്പൽ കൂട്ടിയിടി: പാക് നാവികസേനയുടേത് അതിസാഹസമെന്ന് സംശയം
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ പാക് നാവികസേനാ കപ്പൽ ഇടിച്ചത് അബദ്ധമല്ല, പാക്കിസ്ഥാന്‍റെ അതിസാഹസമെന്നും സംശയം. അത്യാധുനിക യുദ്ധക്കപ്പലുകൾ റഡാറുകൾ ഉൾപ്പെടെ നൂതനസാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്.
സഞ്ചരിക്കുന്ന മേഖലയിലെ ബോട്ടുകൾ ഉൾപ്പെടെ എല്ലാ യാനങ്ങളെക്കുറിച്ചും ഈ കപ്പലുകളിൽ കൃതമായ വിവരം ലഭിക്കേണ്ടതാണെന്ന് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ പറയുന്നു. ക്യാപ്റ്റനടക്കം എല്ലാവരും ഉറങ്ങിപ്പോയാൽ മാത്രമേ ഇത്തരമൊരു നേരിയ സാധ്യതയെങ്കിലുമുള്ളൂ എന്ന് കിഴക്കൻ നാവിക കമാൻഡിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ചൈനാക്കടലിൽ ചൈനീസ് നാവിക സേന ഇതരസേനകൾക്കു മേൽ സമ്മർദം ചെലുത്താൻ ഉപയോഗിച്ച തന്ത്രം പാക്കിസ്ഥാൻ അനുവർത്തിച്ചതാണോ എന്നാണ് പ്രതിരോധ വിദഗ്ധരുടെ സംശയം. അങ്ങനെയാണെങ്കിലും പാക് തന്ത്രം തുടക്കത്തിലേ പാളിയെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പാക് കപ്പൽ പിഎൻഎസ് ഹുനൈൻ, ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് കോൽക്കത്തയിലാണ് ഇടിച്ചത്. 98 മീറ്റർ നീളവും 2600 ടൺ ഭാരവും മാത്രമുള്ള കപ്പലാണ് ഹുനൈൻ. ഐഎൻഎസ് കോൽക്കത്ത 164 മീറ്റർ നീളവും 7400 ടൺ ഭാരവുമുള്ള കരുത്തുറ്റ നൂതന യുദ്ധക്കപ്പലാണ്.
കൂട്ടിയിടിച്ചതിനെത്തുടർന്നു ഹുനൈന്‍റെ മുൻഭാഗം തകർന്നു. ഇതിലെ നാവികർക്കും പരുക്കുണ്ടെന്നാണ് റിപ്പോർട്ട്. ഈ കപ്പൽ ഉടൻ തന്നെ അറ്റകുറ്റപ്പണിക്കായി കറാച്ചി തുറമുഖത്തേക്കു മടങ്ങി. എന്നാൽ, ഐഎൻഎസ് കോൽക്കത്ത ഇപ്പോഴും അറബിക്കടലിൽ ദൗത്യം തുടരുകയാണ്. കപ്പലിന് ഒരു തകരാറുമില്ലെന്ന് ഇന്ത്യൻ നാവികസേന വ്യക്തമാക്കി.