ബിൽ ഗേറ്റ്സ്
വാഷിങ്ടൺ: മൂന്ന് സ്ത്രീകളുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് യുഎസ് ജനപ്രതിനിധി സഭയുടെ ഓവർസൈറ്റ് കമ്മിറ്റിക്കു മുൻപിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച മൊഴിപ്പകർപ്പ് പുറത്തു വിട്ടു. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്‍റെ വിപുലമായ ശൃംഖലകളെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായാണ് ബിൽഗേറ്റ്സ് മൊഴി നൽകിയത്.
ബ്രിഡ്ജ് എന്ന ഒരു തരം ചീട്ട് കളിയിൽ വിദഗ്ധയായ റഷ്യക്കാരി മില ആന്‍റൊനോവ, ആണവ ശാസ്ത്രജ്ഞയായ കരിമ നിഗ്മതുലീന എന്നിവരുമായി തനിക്ക് വിവാഹേതര ബന്ധമുള്ളതായി എപ്സ്റ്റീന് അറിയാമായിരുന്നുവെന്നും സമ്മർദം ചെലുത്താനായി എപ്സ്റ്റീൻ ഈ വിവരങ്ങളും അതോടൊപ്പം നുണകളും കൂട്ടിച്ചേർത്ത് ഉപയോഗിക്കാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.
ഈ രണ്ടു പേരെ കൂടാതെ മെഡിക്കൽ സംരംഭകയായ ആലീസ് ജേക്കബ്സ് നെസ്സൽറോഡുമായും ബന്ധമുണ്ടായിരുന്നുവെന്നും ഇതെല്ലാം കുടുംബത്തിന് വലിയ വേദനകൾ നൽകിയിരുന്നുവെന്നും ബിൽ ഗേറ്റ്സ് വെളിപ്പെടുത്തി.
മറ്റു സ്ത്രീകളുമായുള്ള ബന്ധം മൂലം ലൈംഗിക രോഗം വരുമോയെന്ന് ഭയമുണ്ടായിരുന്നു എന്ന ആരോപണത്തെ ബിൽഗേറ്റ്സ് നിഷേധിച്ചു. തനിക്ക് യാതൊരു വിധ ലൈംഗിക രോഗങ്ങളും ഉണ്ടായിട്ടില്ലെന്നും രഹസ്യമായി മരുന്നുകൾ നൽകിയിട്ടില്ലെന്നും അദ്ദേഹം മൊഴി നൽകിയിട്ടുണ്ട്.
നാല് വർഷത്തിനിടെ 14 തവണ വരെ നേരിട്ടും രണ്ട് തവണ വിഡിയോ കോളിലൂടെയും എപ്സ്റ്റീനുമായി സംസാരിച്ചിട്ടുണ്ട്. കുറ്റവാളിയാണെന്ന് അറിയാമായിരുന്നുവെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താം എന്ന പ്രതീക്ഷയാണ് ഈ കൂടിക്കാഴ്ചകൾക്ക് കാരണമായതെന്നും ബിൽഗേറ്റ്സ് പറയുന്നു.