ഒട്ടാവ: ക്യാനഡയിൽ സജീവമായി പ്രവർത്തിക്കുന്ന ബിഷ്ണോയ് ഗാങ് എന്ന ക്രിമിനൽ സംഘത്തിന് ഇന്ത്യൻ സർക്കാരിന്‍റെ ഏജന്‍റുമാരുമായി നേരിട്ടു ബന്ധമുണ്ടെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ്. ഖാലിസ്ഥാൻ തീവ്രവാദി ഹർദീപ് സിങ് നിജ്ജറുടെ കൊലപാതകത്തിൽ ക്യാനഡയിലെ ഇന്ത്യൻ ഹൈക്കമ്മഷിണർ അടക്കമുള്ളവരെ പ്രതി ചേർക്കാനുള്ള ക്യാനഡയുടെ നീക്കം ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം തന്നെ തകർത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ ആരോപണം.
മഹാരാഷ്ട്രയിൽ എൻസിപി നേതാവ് ബാബാ സിദ്ദിഖിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ബിഷ്ണോയ് ഗാങ് എന്ന പേര് ഇന്ത്യയിലും വീണ്ടും ചർച്ചയായിരിക്കുന്നത്.
ബോളിവുഡ് താരം സൽമാൻ ഖാൻ, അധോലോക നായകൻ ദാവൂദ് ഇബ്രാഹിം എന്നിവരെ ശത്രുക്കളായി പ്രഖ്യാപിച്ചിരിക്കുന്ന സംഘം, ഇവർ ഇരുവരെയും സഹായിക്കുന്ന ഒരാളെയും വെറുതേ വിടില്ലെന്നും പ്രസ്താവന ഇറക്കിയിരുന്നു.
സംഘത്തിന്‍റെ നേതാവായ ലോറൻസ് ബിഷ്ണോയ് ജയിലിൽ കിടന്നാണ് ഇവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതെന്നും, എഴുനൂറോളം ഷാർപ്പ് ഷൂട്ടർമാരാണ് കൊലപാതകസജ്ജരായി ഇവർക്കൊപ്പമുള്ളതെന്നും സൂചനകൾ പുറത്തുവന്നിരുന്നു.
ഈ സംഘത്തിൽപ്പെട്ടവരെ ഉപയോഗിച്ചാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ക്യാനഡയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നതെന്നാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്‍റെ ആരോപണം. ഇന്ത്യൻ സർക്കാർ ഏജന്‍റുമാർ ക്യാനഡയിൽ ഗുരുതരമായ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിവരുന്നതായും ഇവർ പറയുന്നു.