104 ദിവസം അവധിയില്ലാതെ ജോലി ചെയ്തു; ചൈനയിൽ യുവാവ് മരിച്ചു 
World

104 ദിവസം അവധിയില്ലാതെ ജോലി ചെയ്തു; ചൈനയിൽ യുവാവ് മരിച്ചു

നഷ്‌ട പരിഹാരമായി അബാവോയുടെ കുടുംബത്തിന് 4 ലക്ഷം യുവാന്‍ അഥവാ 56,000 യുഎസ് ഡോളര്‍ നല്‍കണമെന്നും കോടതി വിധിച്ചു.

ബീജിങ്: അവധിയില്ലാതെ തുടർച്ചയായി മൂന്നര മാസം ജോലി ചെയ്യാൻ നിർബന്ധിതനായ യുവാവ് മരിച്ചു. പണിയെടുപ്പിച്ച കമ്പനിക്ക് യുവാവിന്‍റെ മരണത്തിൽ "20 ശതമാനം' പങ്കുണ്ടെന്ന് വിധിച്ച കോടതി പിഴ ചുമത്തി. കിഴക്കൻ ചൈനയിലെ സിജിയാങ്ങിലാണ് മനുഷ്യത്വമില്ലാത്ത തൊഴിൽസാഹചര്യം മൂലം യുവാവ് കൊല്ലപ്പെട്ടതും "20 ശതമാനം' പങ്കെന്ന വിചിത്രമായ കോടതി വിധിയും. അബാവോ എന്ന മുപ്പതുകാരനാണ് ശ്വാസകോശമുൾപ്പെടെ ആന്തരികാവയവങ്ങൾ തകരാറിലായി മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ സിജിയാങ്ങിലെ സൗഷാനിൽ ജോലിക്കു കയറിയ അബാവോ 104 ദിവസം ജോലി ചെയ്തതിനിടെ ഒരു ദിവസമാണു വിശ്രമിച്ചത്. മേയ് 25 ന് തീരെ വയ്യാതായതോടെ ഒരു സിക്ക് ലീവ് എടുത്തു.

അന്ന് താമസ സ്ഥലത്ത് വിശ്രമിച്ചു. മേയ് 28ന് നില വഷളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂണ്‍ ഒന്നിന് മരിച്ചു. യുവാവിന്‍റെ മരണത്തിന് കമ്പനിയാണ് ഉത്തരവാദിയെന്നാരോപിച്ച് കുടുംബം നൽകിയ പരാതിയിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നായിരുന്നു തൊഴിലുടമയുടെ നിലപാട്. അബാവോയ്ക്ക് കാര്യമായ ജോലിഭാരം ഉണ്ടായിരുന്നില്ലെന്നും താങ്ങാവുന്ന ജോലി മാത്രമാണ് നല്‍കിയതെന്നും വിചാരണ വേളയില്‍ കമ്പനി വാദിച്ചു. മുൻപേ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നെന്നും കമ്പനി പറഞ്ഞു.

എന്നാൽ, ദിവസം പരമാവധി എട്ടു മണിക്കൂർ വീതം ആഴ്‌ചയില്‍ 44 മണിക്കൂറാണ് ചൈനയിലെ ജോലി സമയമെന്നു കോടതി കോടതി ചൂണ്ടിക്കാട്ടി. നഷ്‌ട പരിഹാരമായി അബാവോയുടെ കുടുംബത്തിന് 4 ലക്ഷം യുവാന്‍ അഥവാ 56,000 യുഎസ് ഡോളര്‍ നല്‍കണമെന്നും കോടതി വിധിച്ചു.

അബാവോയുടെ മരണം ചൈനയില്‍ ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നത്. 2019 ല്‍ ഷൂ ബിന്‍ എന്ന ഒരു തൊഴിലാളി ജോലി കഴിഞ്ഞ് എത്തിയ ഉടന്‍ കുഴഞ്ഞു വീണു മരണമടഞ്ഞിരുന്നു. വിശ്രമമില്ലാതെ 130 മണിക്കൂര്‍ ജോലി നോക്കിയതിനു പിന്നാലെയാണ് ഷൂ ബിൻ മരിച്ചത്.

ദലൈ ലാമയുടെ പിറന്നാൾ ആഘോഷത്തിന് അരുണാചൽ മുഖ്യമന്ത്രി; ചൈനയ്ക്ക് ഇന്ത്യയുടെ ശക്തമായ സന്ദേശം

വിഷം ഉളളിൽ ചെന്ന് യുവതി മരിച്ച സംഭവം; ക്രൂര കൊലപാതകമെന്ന് പൊലീസ്

തിരിച്ചുകയറി സ്വർണവില; ഒറ്റ ദിവസത്തിനു ശേഷം വീണ്ടും വർധന

ഫന്‍റാസ്റ്റിക് 4 താരം ജൂലിയന്‍ മക്മഹോന്‍ അന്തരിച്ചു

പാലക്കാട് ഗുരുതരാവസ്ഥയിലുള്ള സ്ത്രീയുടെ ബന്ധുവായ കുട്ടിക്കും പനി; നിരീക്ഷണത്തിൽ